തെലങ്കാന: തെലങ്കാനയില്‍ ബലാത്സംഗ കേസ് പ്രതികളെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെ വിഷയത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് അഭിനന്ദനങ്ങളുമായി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. അഭിനന്ദനം അറിയിച്ചുകൊണ്ട് കെ.സി.ആറിന് ജഗന്‍ സന്ദേശം അയച്ചു.

'പോലീസ് ചെയ്തതില്‍ തെറ്റൊന്നുമില്ല. ഈ സംഭവം സമൂഹത്തിന് തന്നെ നാണക്കേടായിരുന്നു. ഇതിനോട് പോലീസും നേതാക്കളും എങ്ങനെ പ്രതികരിക്കണമായിരുന്നു. നാം ഇക്കാര്യം സ്വയം ചോദിക്കേണ്ടതുണ്ട്'- ജഗന്‍ പറഞ്ഞു.

തനിക്ക് രണ്ട് പെണ്‍കുട്ടികളും ഒരു പെങ്ങളും ഭാര്യയുമുണ്ട്. രണ്ട് പെണ്‍മക്കളുടെ പിതാവെന്ന നിലയില്‍ ഈ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഒരു അച്ഛനെന്ന നിലയില്‍ ഇത്തരം സംഭവങ്ങളോട് താനെങ്ങനെയാണ് പ്രതികരിക്കേണ്ടത്. ഏത് തരത്തിലുള്ള ശിക്ഷയാണ് ഒരു പിതാവിന് ആശ്വാസം നല്‍കുക. 

ടി.വി ചാനലുകളില്‍ എന്തോ തെറ്റ് സംഭവിച്ചതായാണ് പറഞ്ഞത്. സിനിമയില്‍ നായകന്‍ ആരെയെങ്കിലും ഏറ്റുമുട്ടലില്‍ വധിച്ചാല്‍ നമ്മള്‍ നല്ല സിനിമയെന്ന് പറഞ്ഞ് കയ്യടിക്കും. ധൈര്യമുള്ള ഒരു മനുഷ്യന്‍ യഥാര്‍ഥ ജീവിതത്തില്‍ അത് ചെയ്താല്‍ ചിലര്‍ മനുഷ്യാവകാശത്തിന്റെ പേരും പറഞ്ഞ് ഡല്‍ഹിയില്‍ നിന്നും ഇറങ്ങും. അവര്‍ ഇത് തെറ്റാണെന്ന് പറയുമെന്നും ജഗന്‍ പറഞ്ഞു.

Content Highlights: Jagan Reddy Praises KCR On Telangana Accused Killing