കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി (സിഎഎ) ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത പോളണ്ടില്‍ നിന്നുള്ള വിദ്യാര്‍ഥി ഉടന്‍ ഇന്ത്യ വിടണമെന്ന് ഫോറിനര്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന്റെ നിര്‍ദ്ദേശം. ജാദവ്പുര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി കാമില്‍ സെയ്ഡ്‌സിന്‍സ്‌കിക്കാണ് 15 ദിവസത്തിനകം രാജ്യംവിടണമെന്ന് നിര്‍ദ്ദേശിച്ച് നോട്ടീസ് നല്‍കിയിട്ടുള്ളത്.

വിശ്വഭാരതി യൂണിവേഴ്‌സിറ്റിയിലെ ബംഗ്ലാദേശില്‍നിന്നുള്ള വിദ്യാര്‍ഥിക്കും അധികൃതര്‍ നേരത്തെ സമാനമായ നോട്ടീസ് നല്‍കിയിരുന്നു. സര്‍വകലാശാല കാമ്പസില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റു ചെയ്തതിന് പിന്നാലെ ആയിരുന്നു ഇത്.

ഇന്ത്യയില്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ഥിക്ക് ചേരുന്ന പ്രവര്‍ത്തനമല്ല പോളിഷ് പൗരനായ സെയ്ഡ്‌സിന്‍സ്‌കിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അധികൃതര്‍ നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാണ് ഇത്തരത്തില്‍ പോളിഷ് വിദ്യാര്‍ഥി വില നല്‍കേണ്ടി വന്നതെന്ന ആരോപണവുമായി ജാദവ്പുര്‍ സര്‍വകലാശാലയിലെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു ബംഗാളി ദിനപത്രം പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതാണ് നടപടിക്ക് ആധാരം. മാധ്യമ വാര്‍ത്തകള്‍ ചിലര്‍ അധികൃതര്‍ക്ക് അയച്ചു കൊടുത്തതോടെ ഫോറിനര്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് നടപടി സ്വീകരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Jadavpur University Polish Student Told To Leave India Over CAA