ശ്രീനഗര്‍: നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നടത്തിയ മിന്നലാക്രമണത്തിന്റെ വാര്‍ഷികം ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ആഘോഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 29ന് ജമ്മു കശ്മീരിലെ സ്‌കൂളുകളില്‍ ആഘോഷപരിപാടികള്‍ നടത്തണമെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സൈന്യത്തിന്റെ ധീരതയും കാര്യക്ഷമതയും തെളിയിക്കുന്ന മിന്നലാക്രമണത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 28, 29, 30 തീയതികളിലായി ആഘോഷ പരിപാടികള്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. എന്തെല്ലാം പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. സൈന്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തുകളും കാര്‍ഡുകളും തയ്യാറാക്കി അടുത്തുള്ള സൈനിക കേന്ദ്രത്തിന്റെ വിലാസത്തില്‍ അയയ്ക്കണം. സ്‌കൂളുകളിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക പരേഡ് നടത്തണം. യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സൈനികരെക്കൊണ്ട് പ്രചോദനാത്മകമായ പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. സ്‌കൂളുകളില്‍ നടത്തിയ ആഘോഷപരിപാടികള്‍ സംബന്ധിച്ച ഒരു പേജുള്ള റിപ്പോര്‍ട്ടും അതിനൊപ്പം തെളിവായി വീഡിയോയും ഫോട്ടോകളും സമര്‍പ്പിക്കണം. ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കാനും മെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിന്നലാക്രമണ ദിനം ആചരിക്കണമെന്ന് യുജിസി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സൈന്യം നടത്തിയ ആക്രമണത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാരോപിച്ച് ഇത് വ്യാപകമായ എതിര്‍പ്പുകള്‍ക്കിടയാക്കി. 

Content Highlights: Jammu Kashmir, Schools Ordered to Celebrate Surgical Strikes