ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ റിയല്‍ എസ്റ്റേറ്റിന്റെ ഭാഗമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ജമ്മു കശ്മീരിന്  സംസ്ഥാന പദവി നല്‍കണമെന്ന തന്റെ പാര്‍ട്ടിയുടെ ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. ഭരണഘടന വഴി സ്ഥാപിതമായതൊന്നും ഭരണഘടനയുടെ വ്യവസ്ഥകള്‍ തെറ്റായി വ്യാഖ്യാനിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന പാര്‍ലമെന്റ് നിയമങ്ങള്‍ വഴി ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

'ഇന്‍സ്ട്രുമെന്റ് ഓഫ് ആക്‌സെസഷന്‍ ഒപ്പുവെച്ച് ഇന്ത്യയുടെ ഭാഗമായ സംസ്ഥാനമായിരുന്നു ജമ്മു കശ്മീര്‍. ആ പദവി എല്ലാക്കാലത്തും അനുഭവിക്കാന്‍ അതിന് സാധിക്കണം. ജമ്മു കശ്മീര്‍ എന്നുപറയുന്നത് റിയല്‍ എസ്റ്റേറ്റിന്റെ ഒരു ഭാഗമല്ല. ജമ്മു കശ്മീര്‍ ജനങ്ങളാണ്. അവരുടെ അവകാശങ്ങളും ആഗ്രഹങ്ങളും ബഹുമാനിക്കപ്പെടണം.' ചിദംബരം ട്വീറ്റ് ചെയ്തു. 

ജമ്മു കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സുപ്രീം കോടതിയിലാണെന്നും അതിന് പരിഹാരമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി പിന്‍വലിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ ഒരു രാഷ്ട്രീയ തീരുമാനം കൈക്കൊള്ളാന്‍ അപ്രകാരം മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറയുന്നു.

ജൂണ്‍ 24-ന് ജമ്മു കശ്മീരിലെ നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗത്തിന് വിളിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് തങ്ങളുടെ ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുന്നത്. 

Content Highlights: j&K is not a piece of ‘real estate’ P. Chidambaram tweets