ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പ് ഫലം തീവ്രവാദികള്‍ക്കും ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കുമുള്ള അടിയാണെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപിയെ തിരഞ്ഞെടുത്ത ജമ്മു കശ്മീരിലെ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ നിലപാടുകള്‍കള്‍ക്ക് പിന്തുണ നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഗുപ്കാര്‍ സഖ്യത്തിലെ ഒരു കക്ഷിക്കും സാധിച്ചില്ല. ബിജെപിക്ക് 4.5 ലക്ഷം വോട്ടുകള്‍ നേടാന്‍ സാധിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ നേടിയ ആകെ വോട്ടുകളേക്കാള്‍ കൂടുതലാണിത്. 39 സ്വതന്ത്രര്‍ക്ക് ബിജെപിയുടെ പിന്തുണ ലഭിച്ചതായും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 'താഴ്‌വരയിലും താമര വിരിഞ്ഞ' തായി ജമ്മുവില്‍ ബിജെപിക്ക് ലഭിച്ച മികച്ച മുന്നേറ്റം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
കശ്മീരില്‍, പ്രത്യേകിച്ച് ഭീകരതയുടെ 'വിളനിലമായ' സ്ഥലങ്ങളില്‍ അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്‍പുള്ള തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചു. സോപോര്‍, പുല്‍വാമ, ഷോപിയാന്‍, ഗന്തര്‍ബാല്‍ എന്നിവിടങ്ങളൊക്കെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വലിയതോതില്‍ നടക്കുന്ന സ്ഥലങ്ങളാണ്. ഇവിടങ്ങളിലെ വോട്ടര്‍മാര്‍ ഭീകരത പ്രചരിപ്പിക്കുന്നവരുടെ മുഖത്ത് ആഞ്ഞടിക്കുകയാണ് ചെയ്തത്, അദ്ദേഹം പറഞ്ഞു.
സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ആദ്യമായാണ് കശ്മീരിലെ ജനങ്ങള്‍ കാണുന്നത്. താഴേത്തട്ടില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാണ് നടക്കുന്നതെന്ന് ജനങ്ങള്‍ കണ്ടു. യഥാര്‍ഥ ജനാധിപത്യവും വികസനവും എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജനങ്ങള്‍ ആദ്യമായി മനസ്സിലാക്കി, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഗുപ്കാര്‍ സഖ്യത്തിന് 110 സീറ്റുകളാണ് ലഭിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി., സി.പി.എം., പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവ ചേര്‍ന്നതാണ് ഗുപ്കാര്‍ സഖ്യം.
കോണ്‍ഗ്രസും ഗുപ്കാര്‍ സഖ്യവും കൂടി 20 ജില്ലകളില്‍ 13 എണ്ണത്തിന്റെ ഭരണം പിടിക്കുകയും ചെയ്തു. എന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷി ബിജെപിയാണ്. ബിജെപി 74, നാഷണല്‍ കോണ്‍ഫറന്‍സ് 67, പി.ഡി.പി. 27, കോണ്‍ഗ്രസ് 26 എന്നിങ്ങനെയാണ് സീറ്റ് നില.
Content Highlights: J&K District Election Results: Slap On Face Of Separatists- Ravi Shankar Prasad