ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് നിഷ്പക്ഷവും സ്വതന്ത്രവുമായ നിയമവ്യവസ്ഥ അനിവാര്യമാണെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മറ്റ് മുതിര്‍ന്ന ജഡ്ജിമാര്‍ക്കൊപ്പം നേരത്തെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ന്യൂഡല്‍ഹിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെ ആയിരുന്നു മുതിര്‍ന്ന ന്യായാധിപന്റെ അഭിപ്രായ പ്രകടനം. ജനനന്മ ലക്ഷ്യമാക്കി സുപ്രീംകോടതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങളില്‍ വളരെ കുറച്ചുപേര്‍ മാത്രമാണ് കോടതികളുമായി നേരിട്ട് ബന്ധപ്പെടുന്നത്. എന്നാല്‍, സുപ്രീം കോടതിയില്‍നിന്ന് ഉണ്ടാകുന്ന തീരുമാനങ്ങള്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ ബാധിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടെ, സുപ്രീം കോടതിയിലെ പ്രതിസന്ധി അവസാനിച്ചുവോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ വിസമ്മതിച്ചുവെന്ന് എ.ഐ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ബെഞ്ചുനോക്കി കേസുകള്‍ കൊടുക്കുന്ന ചീഫ് ജസ്റ്റിസിന്റെ നടപടിയെ വിമര്‍ശിച്ചാണ് നേരത്തെ സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ജസ്റ്റിസ് ചെലമേശ്വറിനൊപ്പം ജനുവരി 12 ന് വാര്‍ത്താ സമ്മേളനം നടത്തിയത്.