കേസിലെ പ്രതികളായ ഇറ്റാലിയൻ നാവികർ| ഫോട്ടോ : മാതൃഭൂമി
ന്യൂഡൽഹി: കടൽക്കൊല കേസിലെ പ്രതികളായ ഇറ്റാലിയൻ നാവികർക്ക് എതിരായ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ സുപ്രീം കോടതിയോട് അഭ്യർഥിച്ചു. കേന്ദ്രത്തിന്റെ ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സുപ്രധാനമായ വിഷയം ആണ് കടൽക്കൊല കേസിലെ നടപടികൾ എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. രാജ്യാന്തര ട്രിബ്യുണലിന്റെ തീർപ്പിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കടൽക്കൊല കേസിന്റെ നടപടികൾ അവസാനിപ്പിക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ട്രിബ്യുണൽ നിർദേശിച്ച നഷ്ടപരിഹാരം കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കൈമാറി എന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
എന്നാൽ സെന്റ് ആന്റണീസ് ബോട്ടിൽ ഉണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളും, ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും, ബോട്ടിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മയും ത്നങ്ങളുടെ വാദം കേൾക്കാതെ കേസിലെ നടപടികൾ അവസാനപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നിലപാടിൽ മത്സ്യത്തൊഴിലാളികൾ ഉറച്ച് നിന്നാൽ കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം കേൾക്കൽ കോടതിയിൽ നടക്കും.
കേന്ദ്ര സർക്കാർ ആവശ്യത്തെ എതിർക്കാൻ ആയിരുന്നു നേരത്തെ കേരള സർക്കാരിന്റെ തീരുമാനം. കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചവരിൽ മലയാളികൾ ഉള്ളതിനാൽ കേരളത്തിന്റെ നിലപാട് സുപ്രീം കോടതി കേൾക്കണം എന്നാണ് സംസ്ഥാന സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ഈ നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ച് നിൽക്കും എന്നാണ് സൂചന.
കടൽക്കൊല കേസിലെ നടപടികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ജൂലൈയിൽ ആണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് . എന്നാൽ ഇക്കാര്യത്തിൽ വിചാരണ കോടതിയുടെ നിലപാട് അറിയട്ടെ എന്നായിരുന്നു അന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. കേസിലെ മറ്റ് കക്ഷികളെ കേൾക്കാതെ നടപടികൾ അവസാനിപ്പിക്കാൻ ആകില്ലെന്നും ചീഫ് ജസ്റ്റിസ് വാക്കാൽ നിരീക്ഷിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..