സുപ്രീംകോടതി | Photo: PTI
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കുന്നതിനെ സംബന്ധിച്ച് സുപ്രീം കോടതി രജിസ്ട്രി കേസ് പരിഗണിക്കുന്ന ബെഞ്ചിന്റെ അഭിപ്രായം തേടി. നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ ഹാജരാക്കിയ സാഹചര്യത്തില്‍ കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തില്‍ സുപ്രീം കോടതി നാളെ തീരുമാനം എടുക്കും.
ഇറ്റലി നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ കണ്ടാലേ കടല്‍ കൊല കേസിലെ നടപടികള്‍ അവസാനിപ്പിക്കൂവെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇറ്റലി നഷ്ടപരിഹാര തുക കേന്ദ്ര സര്‍ക്കാരിന് കൈമാറിയത്. ഈ തുക ഏപ്രില്‍ 26-ന് സുപ്രീം കോടതി രജിസ്ട്രിയുടെ യുകോ ബാങ്ക് അകൗണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ പലിശ രഹിത നിക്ഷേപം എന്ന നിലയില്‍ ആണ് തുക കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചത്. ഈ തുകയാണ് സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റാന്‍ സുപ്രീം കോടതി രജിസ്ട്രി ആലോചിക്കുന്നത്.
എത്ര കാലത്തേക്ക് സ്ഥിരനിക്ഷേപം നടത്തണമെന്ന് വ്യക്തമാക്കാന്‍ രജിസ്ട്രി ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്ട്രിയുടെ ഈ ആവശ്യം ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം ആര് ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കും.
ഇറ്റലി നല്കുന്ന പത്ത് കോടി രൂപ നഷ്ടപരിഹാര തുക സ്വീകരിക്കാം എന്ന് കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങളും ബോട്ട് ഉടമയും അറിയിച്ചതായി കേരളം നേരത്തേ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരമായി ലഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..