ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ആരാജ്യത്തെ സൈനിക മേധാവിയെ ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച ബിജെപിക്കെതിരേ ആഞ്ഞടിച്ച് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. ഇത്രയധികം വിമര്‍ശിക്കാന്‍ അത് റാഫേല്‍ കരാര്‍ ഒന്നുമല്ലല്ലോ, വെറുമാരു ആലിംഗനമല്ലേ എന്നാണ് സിദ്ദു പ്രതികരിച്ചത്.

പാകിസ്താന്‍ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയെ സിദ്ദു സത്യപ്രതിജ്ഞാ ചടങ്ങിനിടെ ആലിംഗനം ചെയ്തത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെന്ന് സിദ്ദു അന്നേ പ്രതികരിച്ചിരുന്നു.

ഈ വിഷയമാണ് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത്. സിദ്ദുവിന്റെ നടപടി ഇന്ത്യന്‍ സൈനികരുടെ ആത്മവീര്യം കെടുത്തുന്നതാണ് എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 'നിങ്ങളെന്തിനാണ് വീണ്ടും ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പ്രതിരോധമന്ത്രി പരാമര്‍ശിക്കാന്‍ മാത്രം പ്രധാനപ്പെട്ട വ്യക്തിയാണോ സിദ്ദു ? അതൊരു ആലിംഗനം മാത്രമല്ലേ, ഗുഢാലോചനയൊന്നുമല്ലല്ലോ. റഫേല്‍ കരാറുമല്ലല്ലോ ?' മാധ്യമ പ്രവര്‍ത്തകരോട് സിദ്ദു പറഞ്ഞു.

content highlights:  hug contraversy, Rafale deal , Navjot Singh Sidhu , Nirmala Sitaraman