വി.മുരളീധരൻ| Photo: PTI
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇ.ശ്രീധരനാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിലപാട് തിരുത്തി കേന്ദ്രമന്ത്രി വി.മുരളീധരന്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വി.മുരളീധരന് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ.യോട് പറഞ്ഞു.
'കേരളത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇ.ശ്രീധരനായിരിക്കുമെന്ന് ചില പ്രസ്താവനകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതായ മാധ്യമവാര്‍ത്തകള്‍ ഞാന്‍ കേട്ടിരുന്നു. ഞാന്‍ പാര്‍ട്ടി സെക്രട്ടറിയുമായി സംസാരിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് താന്‍ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അതിനാല്‍ ഇതൊരു പ്രഖ്യാപനമായി കണക്കാക്കരുത്. ഞാന്‍ വ്യക്തമാക്കുകയാണ്.' വി.മുരളീധരന് പറഞ്ഞു.
ഇ.ശ്രീധരന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് വി.മുരളീധരന് നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റും അദ്ദേഹം നീക്കം ചെയ്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്കായി അഴിമതിരഹിത, വികസത്തിലൂന്നിയ ഭരണം ഉറപ്പുനല്കുന്നതിനായി സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തുമെന്നും തങ്ങള്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് മെട്രോമാന് ഇ.ശ്രീധരന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് പ്രഖ്യാപിച്ചത്. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയ്ക്ക് തിരുവല്ലയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
Content Highlights: it should not be considered as a statement clarifies V.Muraleedharan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..