ന്യൂഡല്‍ഹി: വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയ്ക്ക് അമേരിക്ക അവസരം നല്‍കിയത് ഇപ്പോള്‍ മാത്രമാണെന്നും എന്നാല്‍ ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയായി അമ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യ തിരഞ്ഞെടുത്തതായും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വ്യാഴാഴ്ച ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷികദിനത്തില്‍ ട്വിറ്ററിലൂടെ മുത്തശ്ശിയെ അനുസ്മരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. 

കമലാ ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഒരു വനിതാപ്രധാനമന്ത്രിയെ നമ്മള്‍ തിരഞ്ഞെടുത്ത കാര്യം ഇന്ദിരാഗാന്ധിയുടെ ജന്മവാര്‍ഷികദിനത്തില്‍ നാം ഓര്‍മിക്കേണ്ടതാണ്. അവരുടെ ധൈര്യവും കരുത്തും ലോകത്താകമാനമുള്ള സ്ത്രീകള്‍ക്ക് എക്കാലവും പ്രചോദനം പകരുന്നതാണ്. പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 

ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1966 ജനുവരി മുതല്‍ 1977 മാര്‍ച്ച് വരെ അധികാരത്തില്‍ തുടര്‍ന്നു. 1980 ജനുവരിയില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അവര്‍ 1984 ഒക്ടോബറില്‍ വധിക്കപ്പെടുന്നതു വരെ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏക വനിതാപ്രധാനമന്ത്രി കൂടിയാണ് ഇന്ദിരാഗാന്ധി.

Content Highlights: It should be realised that India had chosen a women Prime Minister 50 years ago, tweeted Priyanka Gandhi