ന്യൂഡല്‍ഹി: ആളുകള്‍ വീടുകള്‍ക്കുള്ളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സമയമാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍. വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍ അഭിപ്രായപ്പെട്ടു. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍, ഒരാളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. 

രാജ്യത്ത് ആവശ്യമായ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാണെന്നും എന്നാല്‍ ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് എത്തിക്കുക എന്നതാണ് വെല്ലുവിളിയെന്നും സര്‍ക്കാര്‍ അറിയിച്ചു. വിദേശത്ത് നിന്ന് ഓക്‌സിജന്‍ ടാങ്കറുകള്‍ വാങ്ങുന്നതിനോ വാടകയ്ക്ക് എടുക്കുന്നതിനോ നടപടികള്‍ ആരംഭിച്ചവെന്നും സര്‍ക്കാര്‍ പറഞ്ഞു. 

എന്നാല്‍ ഓക്‌സിജന്‍ ടാങ്കറുകളുടെ ഗതാഗതം ഒരു പ്രധാന വെല്ലുവിളിയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. തത്സമയ ട്രാക്കിംഗ് ഉപയോഗിച്ച് ഓക്‌സിജന്‍ ടാങ്കറുകളുടെ ഗതാഗതം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി പീയൂഷ് ഗോയല്‍ പറഞ്ഞു. 

നിലവിലെ കോവിഡ് അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് കേന്ദ്രം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അനാവശ്യമായ പരിഭ്രാന്തി ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം വരുത്തും. പരിഭ്രാന്തി മൂലം നിരവധി പേര്‍ ആശുപത്രി കിടക്കകള്‍ കൈവശം വെയ്ക്കുന്നുണ്ടെന്നും എന്നാല്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം മാത്രം ആശുപത്രിയില്‍ പ്രവേശനം നേടണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Content Highlights: It's time people start wearing masks inside their homes as well: Centre on second wave of COVID-19