670 ട്രെയിനുകള്‍ റദ്ദാക്കി കല്‍ക്കരി റേക്കുകള്‍ക്ക് വഴിയൊരുക്കാന്‍ റെയില്‍വേ, പ്രതിസന്ധി എന്ന് തീരും


Photo: PTI

ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരിക്ഷാമം തുടരുന്ന പശ്ചാത്തലത്തില്‍ കല്‍ക്കരി വിതരണം സുഗമമാക്കാനുള്ള നടപടികളുമായി കേന്ദ്രറെയില്‍വേ മന്ത്രാലയം മുന്നോട്ടുപോകുകയാണ്. രാജ്യത്തിന്റെ പ്രതിദിന വൈദ്യുതി ആവശ്യം സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുമ്പോള്‍ പ്രശ്നം എത്രയും വേഗത്തില്‍ പരിഹരിക്കാനാണ് ശ്രമം. എന്നാല്‍ കല്‍ക്കരി ലഭ്യത മാത്രമല്ല വൈദ്യുതി പ്രതിസന്ധിക്കിടയാക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കല്‍ക്കരി വിതരണം സുഗമമാക്കാനായി ഏതാനും യാത്രാ ട്രെയിനുകളുടെ സര്‍വീസ് റെയില്‍വേ താല്‍ക്കാലികമായി റദ്ദാക്കി. മെയ് 24 വരെ 670 പാസഞ്ചര്‍/എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകളാവും റദ്ദാക്കുക. കല്‍ക്കരി നീക്കത്തിനുള്ള പ്രതിദിന സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 350 കല്‍ക്കരി റേക്കുകളാണ് റെയില്‍വേ ഓടിച്ചിരുന്നത്. എന്നാല്‍ നിലവിലെ ആവശ്യം അനുസരിച്ച് 3500 ടണ്‍ കല്‍ക്കരി വീതമുള്ള 415 കല്‍ക്കരി റേക്കുകള്‍ പ്രതിദിനം സര്‍വീസ് നടത്താനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. കല്‍ക്കരി ക്ഷാമം പരിഹരിക്കാനും സംഭരണം കൂട്ടാനും രണ്ട് മാസം വരെ ഇതേ രീതിയിലുള്ള കല്‍ക്കരി നീക്കം വേണ്ടിവരുമെന്നാണ് കരുതുന്നതെന്നാണ് റെയില്‍വേയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

രാജ്യത്തിന് ആകെ ആവശ്യമായി വരുന്ന വൈദ്യുതിയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത് കല്‍ക്കരി ഉപയോഗിച്ചാണ്. ചൂട് കൂടിയതോടെ വൈദ്യുതി ആവശ്യവും വര്‍ധിച്ചു. കല്‍ക്കരി ക്ഷാമം വൈദ്യുതി ഉത്പാദനത്തെ ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി ഉല്‍പാദനത്തില്‍ എന്താണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്? എന്താണ് ഊര്‍ജമേഖല നേരിടുന്ന പ്രതിസന്ധി?

റെക്കോര്‍ഡ് ഇട്ട് വൈദ്യുതി ഉപഭോഗം

രാജ്യത്തിന്റെ പ്രതിദിന വൈദ്യുതി ആവശ്യം സര്‍വകാല റെക്കോര്‍ഡില്‍ എത്തിനില്‍ക്കുന്ന സമയമാണിത്. ഏപ്രില്‍ 26ന് 201 ജിഗാവാട്ട്‌സ് ആയിരുന്നു വൈദ്യുതി ഉപയോഗം. ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ ഇത് ഇനിയും വര്‍ധിച്ചേക്കാമെന്നാണ് കണക്കൂകൂട്ടല്‍. മെയ്-ജൂണ്‍ മാസത്തില്‍ 215-220 ജിഗാവാട്ട്‌സ് വരെ വൈദ്യുതി വേണ്ടി വന്നേക്കാമെന്നാണ് കണക്കുകൂട്ടല്‍.

വൈദ്യുതിആവശ്യം കൂടുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സൂചിപ്പിക്കുന്നുവെന്നാണ് കേന്ദ്ര ഊര്‍ജമന്ത്രാലയം ഏപ്രില്‍ 26-ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്. മാര്‍ച്ചില്‍ ഊര്‍ജ ആവശ്യം 8.9 ശതമാനം വരെയാണ് വര്‍ധിച്ചത്. വ്യാവസായിക ആവശ്യങ്ങള്‍ വര്‍ധിച്ചത് ഉപഭോഗം കൂടുന്നതിലേക്ക് നയിച്ചു. തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാരും മറ്റ് ഓഹരി ഉടമകളും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. വിവിധ വിഭവങ്ങള്‍ മികച്ച രീതിയില്‍ വിനിയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നാണ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞത്. ആവശ്യത്തിന് കല്‍ക്കരി ശേഖരമുണ്ടെന്നും രാജ്യത്ത് കല്‍ക്കരിക്ഷാമമില്ലെന്നും കേന്ദ്രം ആവര്‍ത്തിക്കുന്നു.

കല്‍ക്കരിക്ഷാമം എന്തുകൊണ്ട് ഉണ്ടാകുന്നു?

കല്‍ക്കരിയുടെ ലഭ്യത കുറയുന്നത് സ്വാഭാവികമായും ഊര്‍ജ പ്രതിസന്ധിയിലേക്ക് നയിക്കുന്നുണ്ട്. രാജ്യത്തെ താപവൈദ്യുത നിലയങ്ങളില്‍ 70 ശതമാനവും ഉപയോഗിക്കുന്നത് കല്‍ക്കരിയാണ്. അതിനാല്‍ കല്‍ക്കരിക്ഷാമം വൈദ്യുതി ഉത്പാദനത്തെ സാരമായിത്തന്നെ ബാധിക്കും. ഈ ക്ഷാമമാണ് നിലവിലെ ഊര്‍ജ പ്രതിസന്ധിയിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്ഷാമത്തിന് കല്‍ക്കരിയുടെ ലഭ്യത മുതല്‍ കാലാവസ്ഥ വരെ കാരണങ്ങളാണ്. ലഭ്യത കുറയുമ്പോള്‍ ഖനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കേണ്ടിവരുന്നു. ഒപ്പം മഴ, വെള്ളപ്പൊക്കം പോലെയുള്ള കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ഖനനത്തേയും ചരക്ക് നീക്കത്തേയും പ്രതികൂലമായി ബാധിക്കും. എല്ലാവര്‍ഷവും നേരിയ തോതില്‍ ഈ പ്രതിസന്ധി ഉണ്ടാവാറുണ്ടെങ്കിലും ഈ വര്‍ഷം ലഭ്യതക്കുറവ് നേരത്തെ കണ്ടുതുടങ്ങി. ഇതാണ് ഊര്‍ജ പ്രതിസന്ധി രൂക്ഷമാക്കുന്നത്.

പ്രതിസന്ധിയുണ്ടാക്കുന്നത് കല്‍ക്കരിമാത്രമല്ല

സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് പ്രധാന കാരണമെന്നാണ് ചില വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഊര്‍ജമേഖലയില്‍ നടക്കുന്നത് ഫലവത്തായ സാമ്പത്തിക ഇടപാടുകളല്ലെന്നാണ് സൂചന. വില്‍പനയ്ക്ക് ആനുപാതികമായ പണം സമയബന്ധിതമായി ലഭിക്കാതെയാണ് ഈ മേഖലയിലെ പലസ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യയ്ക്ക് വൈദ്യുതി ഉത്പാദന കമ്പനികളില്‍ നിന്ന് ഏകദേശം 12,300 കോടി രൂപ ലഭിക്കാനുണ്ട്. എന്നിട്ടും രാജ്യത്തെ ഏറ്റവും വലിയ കല്‍ക്കരി വിതരണക്കാരായ കോള്‍ ഇന്ത്യ, ഉപഭോക്താക്കള്‍ക്ക് കല്‍ക്കരി വില്‍ക്കുന്നത് തുടരുകയാണ്. വൈദ്യുതി വിതരണ കമ്പനികള്‍ വൈദ്യുതി ഉത്പാദകര്‍ക്ക് നല്‍കാനുള്ളത് 1.1 ലക്ഷം കോടി രൂപയാണ്. എങ്കിലും വൈദ്യുതി ഉത്പാദകര്‍ വിതരണകമ്പനികള്‍ക്ക് വൈദ്യുതി നല്‍കുന്നത് തുടരുന്നു.

വിതരണ കമ്പനികള്‍ ശരാശരി അഞ്ച് ലക്ഷം കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും അവര്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നത് തുടരും. വൈദ്യുതി നിരക്കില്‍ തീരുമാനം കൈക്കൊള്ളുന്നതിനുള്ള സ്വതന്ത്രാധികാരത്തിനായി കമ്പനികള്‍ ആവശ്യമുന്നയിക്കുകയും ചെയ്യുന്നുണ്ട്.

ഊര്‍ജവിതരണം സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുമ്പോഴും ഉത്പാദന-വിതരണ ശൃംഖലയിലെസാമ്പത്തിക ഇടപാടുകളിലെ കാലതാമസം ഈ മേഖലയ്ക്ക് തന്നെ ഇരട്ടിഭാരമാവുകയാണ്. പവര്‍കട്ട് ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ് വൈദ്യുതി ക്ഷാമം.

Content Highlights: It’s not a power crisis or a coal crisis. It’s a payment crisis!

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented