ലക്നൗ: ഐടി രംഗത്തെ പ്രമുഖരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ലക്നൗവിലെ ഓഫീസ് അടച്ചുപൂട്ടുന്നു. ടിസിഎസ് വൈസ് പ്രസിഡന്റ് തേജ് പോള്‍ ഭട്ല ബുധനാഴ്ച ലക്നൗവിലെ ഓഫീസിലെത്തി ഇതു സംബന്ധിച്ച വിവരങ്ങള്‍ ജീവനക്കാരോട് സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആരെയും പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇവരെ വാരണാസിയിലേയും നോയ്ഡയിലേയും ഓഫീസുകളിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
ഇതോടെ ലക്നൗവിലെ ടിസിഎസ് കമ്പനിയില്‍ ജോലി ചെയ്യുന്ന 2000 ജീവനക്കാരുടെ കാര്യം അവതാളത്തിലായിരിക്കുകയാണ്. ജീവനക്കാരില്‍ 50% സ്ത്രീകളാണ്. കുടുംബസമേതം ലക്നൗവില്‍ താമസിക്കുന്ന ഇവര്‍ക്ക് സ്ഥലം മാറ്റം വെല്ലുവിളിയാണ്. അതുകൊണ്ടു തന്നെ പലരും ജോലി ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഡിസംബറോടെ പ്രോജക്ടുകള്‍ തീര്‍ക്കണമെന്നും അല്ലാത്തപക്ഷം മുഴുവന്‍ ജീവനക്കാരും ഇന്‍ഡോറിലും നോയിഡയിലുമുള്ള കമ്പനിയുടെ ശാഖകളിലേക്ക് മാറി പ്രോജക്ടുകള്‍ തീര്‍ക്കണമെന്നുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ലക്നൗവില്‍ സ്ഥിതി ചെയ്യുന്ന കമ്പനി അത്ര ലാഭത്തിലല്ല എന്നാണ് കമ്പനി അധികൃതരുടെ വാദം. ഇടപാടുകാര്‍ക്ക് ലക്നൗവിലെ ഓഫീസില്‍ എത്തുന്നത് ബുദ്ധിമുട്ടാണ് എന്നതു കൊണ്ടുമാണ് കമ്പനി പൂട്ടുന്നത് എന്നാണ് ടിസിഎസ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ഓഫീസ് കെട്ടിടത്തിന്റെ വാടക കാലാവധി കൂടി തീര്‍ന്നതോടെയാണ് കമ്പനി അടയ്ക്കാന്‍ തീരുനമാനമായത് എന്നും അധികൃതര്‍ പറയുന്നു.
25,000 കോടി രൂപ ലാഭം ലഭിക്കുന്ന ഒരു കമ്പനി എങ്ങനെയാണ് നഷ്ടക്കണക്കു നിരത്തുന്നത് എന്നാണ് ജീവനക്കാരുടെ ചോദ്യം. ഇത് സംബന്ധിച്ച് അന്വേഷണം വേണം എന്നു കാണിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരിക്കുകയാണ് ജീവനക്കാര്‍.