ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകപ്രക്ഷോഭം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകരെ പിന്തുണച്ചും ആര്‍എസ്എസിനെതിരെ പരോക്ഷ വിമര്‍ശനമുയര്‍ത്തിയും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ദേശീയവാദം എന്നുപറയുന്നത് കര്‍ഷകരുടെ ക്ഷേമമാണെന്നും നാഗ്പുരില്‍ നിന്ന് പ്രസംഗം നടത്തുന്നതല്ലെന്നും സച്ചിന്‍ പറഞ്ഞു.
' നാം കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ അതാണ് ദേശീയവാദം. മുറി ട്രൗസര്‍ ധരിച്ചുകൊണ്ട് നാഗ്പുരില്‍ നിന്ന് പ്രസംഗം നടത്തുന്നതല്ല ദേശീയത.' ആര്‍എസ്എസിനെ പേരെടുത്ത് പറയാതെ സച്ചിന്‍ പറഞ്ഞു.
പുതിയ കാര്‍ഷിക നിയമങ്ങള്‍ പാസാക്കുക വഴി കര്‍ഷകരെ ബി.ജെ.പി. ഇരുട്ടിലേക്ക് തളളി വിടുകയാണെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു. ഏതെങ്കിലും തീരുമാനങ്ങള്‍ പിന്‍വലിക്കുന്നതോ റദ്ദാക്കുന്നതോ സര്‍ക്കാരിനെ തോല്‍പിക്കില്ലെന്ന് മനസ്സിലാക്കാന്‍ കേന്ദ്രം തയ്യാറാകണം.
ഭേദഗതികള്‍ വരുത്തുന്നതും, നിയമങ്ങള്‍ പിന്‍വലിക്കുന്നതും, ഖേദം തോന്നുന്നതുമെല്ലാം നേതാക്കളുടെ ഔന്നത്യം വര്‍ധിപ്പിക്കുകയേയുളളൂ. കര്‍ഷകരുടെ ക്ഷേമത്തിന് വേണ്ടി വരുംദിവസങ്ങളില്‍ കൂട്ടായി സമ്മര്‍ദം ചെലുത്തുകയും ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
Content Highlights:it is not nationalism when they deliver speech from Nagpur wearing half pants says Sachin Pilot