മുംബൈ: കൊറോണ വൈറസ് പൂര്‍ണമായും തുടച്ചു മാറ്റാനാകില്ലെന്നും അതിനെ ജീവിതത്തിന്റെ ഒരു ഭാഗമായി കാണേണ്ടത് അത്യാവശ്യമാണെന്നും നാഷണലിസ്റ്റ്‌ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. കോവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തെ കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തിയെന്നും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചുവെന്നും പവാര്‍ പറഞ്ഞു. 

കോവിഡ് 19 വ്യാപനവും ലോക്ക്ഡൗണും കാരണം അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാന്‍ വൈകും. തല്‍ഫലമായി, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എണ്ണം കുറയും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും വരുമാനത്തെയും ഇത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

സാമ്പത്തിക നഷ്ടം കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകരുകയോ അടച്ചുപൂട്ടുകയോ ചെയ്യാം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും വിദ്യാഭ്യാസ പ്രക്രിയയെ തടസ്സപ്പെടുത്താതിരിക്കാനും സമയബന്ധിതമായി നടപടിയെടുക്കാന്‍ ഒരു പഠന ഗ്രൂപ്പിനെയോ കമ്മിറ്റിയെയോ നിയോഗിക്കണം. പവാര്‍ പറയുന്നു. 

മഹാരാഷ്ട്രയിലെ തൊഴിലില്ലാത്തവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അവരെ വ്യവസായത്തില്‍ എങ്ങനെ ഉള്‍പ്പെടുത്താമെന്നതിനെക്കുറിച്ച് കര്‍മപദ്ധതി തയ്യാറാക്കണം.

ലോക്ക്ഡൗണില്‍ ഇളവുകള്‍  വരുത്തി സംസ്ഥാനത്തെ സ്ഥിതി പുനഃസ്ഥാപിക്കേണ്ടതുണ്ട്. ഇളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാ ദിവസവും ഒരു നിശ്ചിത സമയത്ത് സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തണം. സ്വകാര്യമേഖലയിലെ കടകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ജാഗ്രത പാലിച്ച് തുറക്കണം.

സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് മടങ്ങിക്കൊണ്ടുവരുന്ന സാഹചര്യത്തെക്കുറിച്ച് പൊതുജനവിശ്വാസം വളര്‍ത്തുന്നതിന് സംസ്ഥാനത്തെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം സഹായിക്കുമെന്നും അത് പുനസ്ഥാപിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് പൂര്‍ണ്ണമായും ഇല്ലാതാകില്ല. കൊറോണയെ ജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കുകയും അതിനെക്കുറിച്ച് ജാഗ്രത പാലിക്കുകയും ആരോഗ്യ പരിരക്ഷയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ജപ്പാനില്‍ മാസ്‌ക് ധരിക്കുന്നതും വ്യക്തിശുചിത്വം പാലിക്കുന്നതും അവരുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. പവാര്‍ പറയുന്നു. 

കോവിഡ് -19 ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ചൊവ്വാഴ്ച സംസ്ഥാനത്ത് 76 കോവിഡ് 19 മരണങ്ങള്‍ രേഖപ്പെടുത്തി. 2,127 പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 

Content Highlights: It is necessary to accept the corona as a part of life: Sharad Pawar