ന്യൂഡല്‍ഹി: പത്ത് ആണ്‍കുട്ടികള്‍ക്ക് സമമാണ് ഒരു പെണ്‍കുട്ടിയെന്നും സ്ത്രീകളെ ബഹുമാനിക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വര്‍ഷത്തെ തന്റെ ആദ്യ മന്‍ കി ബാത്ത് പരിപാടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പത്ത് ആണ്‍കുട്ടികളെ ലഭിക്കുക എന്നത് പുണ്യമാണ്. പക്ഷെ ആ പത്തുപേരും എത്തുന്നത് ഒരു സ്ത്രീയില്‍ നിന്നാണന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി വ്യോമസേനയുടെ മൂന്ന് വനിതാ പൈലറ്റുകള്‍ ജെറ്റ് യുദ്ധവിമാനത്തില്‍ പറക്കാന്‍ ഒരുങ്ങുകയാണ്. വനിതകള്‍ക്ക് അസാധ്യമായത് ഒന്നുമില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്നും മോദി പറഞ്ഞു. വ്യോമസേനാ പൈലറ്റുമാരായ ഭാവന കാന്ത്, മോഹന സിംഗ്, ആവണി ചതുര്‍വേദി എന്നിവരാണ് യുദ്ധവിമാനമായ സുഖോയ്-30 യുടെ നിയന്ത്രണമേറ്റെടുത്ത് പറക്കാന്‍ ഒരുങ്ങുന്നത്'. അവരുടെ പരിശീലനം പൂര്‍ത്തിയായിട്ടുണ്ടെന്നും മോദി ഓര്‍മിപ്പിച്ചു.

ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗളയെ മൻകീബാത്തിൽ പ്രധാനമന്ത്രി സ്മരിച്ചു. 2003 ഫെബ്രുവരി 1നാണ് കൊളംബിയ സ്പേസ് ഷട്ടിൽ തകർന്ന് കൽപന ചൗളയടക്കം എട്ട് ബഹിരാകാശ സഞ്ചാരികൾ മരണമടയുന്നത്. ചരമവാർഷികത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി മൻകി ബാത്തിൽ  കൽപന ചൗളയെ സ്മരിച്ചത്.

ഉറച്ച ആഗ്രഹമുണ്ടെങ്കില്‍ വനിതകള്‍ക്ക് അസാധ്യമായത് ഒന്നുമില്ലെന്നതാണ് കല്‍പ്പന ചൗളയുടെ സന്ദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു.

"രാഷ്ട്ര പുരോഗതിക്ക് സ്ത്രീ ശാക്തീകരണം അനിവാര്യമാണ്. പത്ത് ആണ്‍കുട്ടികള്‍ക്ക് സമമാണ് ഒരു പെണ്‍കുട്ടി. 10 ആണ്‍കുട്ടികളില്‍ നിന്ന് ലഭിക്കുന്ന പുണ്യം ഒരു പെണ്‍കുട്ടിയില്‍ നിന്ന് നമുക്ക് ലഭിക്കും", അദ്ദേഹം കൂട്ടിച്ചേർത്തു.