തിരഞ്ഞെടുപ്പ് അടുത്തു, ത്രിപുരയിലും ബി.ജെ.പി മുഖ്യമന്ത്രി തെറിച്ചു; പടിയിറക്കം ഭിന്നത രൂക്ഷമായതോടെ


സ്വന്തം ലേഖകന്‍

ബിപ്ലവ് ദേബ് കുമാർ വാർത്താ സമ്മേളനം നടത്തുന്നു. ഫോട്ടോ: പ്രവീൺ ദാസ് എം

അഗര്‍ത്തല: ത്രിപുര ബിജെപിക്കുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിന് പത്തുമാസം മാത്രം ശേഷിക്കെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ബിപ്‌ളവ് കുമാര്‍ ദേവിന്റെ പടിയിറക്കം. ഭരണനേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേക്കാലമായി ഒരുവിഭാഗം ബിജെപി എംഎല്‍എമാര്‍ ബിപ്‌ളവിനെ മാറ്റണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നപരിഹാരത്തിന് മറ്റുവഴികളെല്ലാം അടഞ്ഞതോടെ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് ഒടുവില്‍ ബിപ്‌ളവ് സ്ഥാനം ഒഴിഞ്ഞത്.

സംസ്ഥാന ബിജെപിയില്‍ തര്‍ക്കം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം ബിപ്‌ളവ് ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ അഗര്‍ത്തലയിലേക്ക് മടങ്ങിയെത്തിയ ബിപ്‌ളവ് ശനിയാഴ്ച ഉച്ചയോടെ രാജ്ഭവനിലെത്തിയാണ് ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയ്ക്ക് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ബിജെപിക്ക് തന്നെ ആവശ്യമാണെന്നും അതിനാലാണ് രാജിയെന്നുമാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബിപ്ലവ് പ്രതികരിച്ചത്.

25 വര്‍ഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് 2018-ലാണ് ബിപ്‌ളവിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ത്രിപുരയില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അപ്രതീക്ഷിത വിജയത്തിലൂടെ അധികാരത്തിലെത്തിയ ത്രിപുരയിലെ ആദ്യ ബിജെപി സര്‍ക്കാരിന്റെ മുന്നോട്ടുപോക്ക് അത്ര സുഗമമായിരുന്നില്ല. ബിപ്‌ളവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരണം തുടങ്ങി അധികനാളുകള്‍ കഴിയുംമുമ്പേതന്നെ മുഖ്യമന്ത്രിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്ന് എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നു. നിരവധി എംഎല്‍എമാരുമായും ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വര്‍മ്മയുമായും ബിപ്‌ളവിന് അഭിപ്രായ ഭിന്നതയുണ്ടായുണ്ടായിരുന്നു. നാള്‍ക്കുനാള്‍ തര്‍ക്കം രൂക്ഷമായി.

അടുത്തിടെ രാജ്യസഭാ സീറ്റിനെ ചൊല്ലിയും പാര്‍ട്ടിക്കുള്ളില്‍ ഭിന്നസ്വരങ്ങള്‍ ഉയര്‍ന്നു. ബിപ്‌ളവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ബിജെപി എംഎല്‍എമാര്‍ കേന്ദ്ര നേതാക്കളെ ഡല്‍ഹിയിലെത്തി കണ്ടിരുന്നു. കഴിഞ്ഞ നവംബറില്‍ സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ എന്നീ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്കെതിരേ പരസ്യമായി വിമര്‍ശനമുയര്‍ത്തി. എംഎല്‍എമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ബിപ്‌ളവിന്റെത് സ്വേച്ഛാധിപത്യ ഭരണമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു എംഎല്‍എമാരുടെ എതിര്‍പ്പുകള്‍.

ബിപ്‌ളവിന് ജനപ്രീതിയില്ലെന്നും ഭരണത്തില്‍ അനുഭവപരിചയമില്ലെന്നും എം.എല്‍.എമാര്‍ ആരോപിച്ചിരുന്നു. ത്രിപുരയില്‍ ബിജെപിക്ക് ദീര്‍ഘകാലത്തേക്ക് ഭരണം നിലനിര്‍ത്തണമെങ്കില്‍ ബിപ്‌ളവിനെ മാറ്റണമെന്നും വിമത എംഎല്‍എമാര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ ജനാധിപത്യം തകര്‍ന്നിരിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു. സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തില്‍ ഒമ്പത് എം.എല്‍.എമാര്‍ ഡല്‍ഹിയിലെത്തി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം.

2017-ല്‍ ബിജെപിയില്‍ എത്തിയ സുദീപ് റോയ് ബര്‍മന്‍ ബിപ്ലവ് മന്ത്രിസഭയില്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുമായുള്ള പടലപ്പിണക്കങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. 2022 ഫെബ്രുവരിയില്‍ സുദീപ് റോയ് ബര്‍മനും ആശിഷ് കുമാര്‍ സാഹയും എം.എല്‍.എ. സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. പിന്നാലെ ഇവരെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരും പാര്‍ട്ടിവിട്ടിരുന്നു.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയിലെ പ്രതിസന്ധി മറികടക്കാനാണ് ഒടുവില്‍ ബിപ്‌ളവിനെ മാറ്റാന്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തത്. പാര്‍ട്ടിക്കുള്ളിലെ കലാപം ആവസാനിപ്പിക്കുന്നതിനൊപ്പം കഴിഞ്ഞതവണ ഉത്തരാഖണ്ഡിലും കര്‍ണാടകയിലും ഗുജറാത്തിലും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്‌ മുഖ്യമന്ത്രിയെ മാറ്റിയ അതേ തന്ത്രമാണ് ബിജെപി ത്രിപുരയിലും പരീക്ഷിക്കുന്നത്. ഉത്തരാഖണ്ഡില്‍ പുഷ്‌കര്‍ സിങ് ധാമിയെ കൊണ്ടുവന്ന് ഭരണവിരുദ്ധ വികാരം മറികടക്കാന്‍ പയറ്റിയ തന്ത്രം ത്രിപുരയിലും ഒരുപരിധി വരെ ഫലം കാണുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുമെന്ന് കഴിഞ്ഞദിവസം തന്നെ ബി.ജെ.പി. അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ എസ്.ടി. മോര്‍ച്ച പ്രസിഡന്റ് സ്ഥാനത്തുനിന്ന് എം.പി. രേബതി ത്രിപുരയെ മാറ്റി, മുതിര്‍ന്ന നേതാവായ ബികാശ് ദേബബര്‍മയെ നിയമിച്ചത് കഴിഞ്ഞദിവസമായിരുന്നു. എസ്.ടി. മോര്‍ച്ചയുടെ നിരീക്ഷകനായി രാംപദ ജമാദിയയെയും നിയമിച്ചു. ഇതിനുപുറമേ മഹിളാമോര്‍ച്ച, ന്യൂനപക്ഷ മോര്‍ച്ച, യുവമോര്‍ച്ച അടക്കമുള്ള സംഘടനകളില്‍ പുതിയ നിരീക്ഷകരെയും പാര്‍ട്ടി നിയമിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രിയേയും മാറ്റാനുള്ള നിര്‍ണായക തീരുമാനം ബിജെപി കേന്ദ്രം നേതൃത്വം എടുത്തത്.

പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ശനിയാഴ്ച വൈകീട്ട് ബി.ജെ.പി.യുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കും. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവും ബി.ജെ.പി. ദേശീയ ജനറല്‍സെക്രട്ടറി വിനോദ് താവ്ഡെയും യോഗത്തില്‍ പങ്കെടുക്കും. നിലവിലെ ഉപമുഖ്യമന്ത്രിയായ ജിഷ്ണു ദേവ് വര്‍മ്മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ത്രിപുര അഗര്‍ത്തലയിലെ രാജകുടുംബാഗം കൂടിയാണ് ജിഷ്ണു ദേവ് വര്‍മ്മ. ബിജെപി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

Content Highlights: issues in tripura bjp, biplab deb resigns

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented