ശ്രീഹരിക്കോട്ട: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. - 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ട് പി.എസ്.എല്‍.വി.- സി 49 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. കനത്ത മഴയും ഇടിയും മൂലം നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് താമസിച്ചാണ് വിക്ഷേപണം നടത്തിയത്. ഇടയ്ക്ക് അഞ്ച് മിനിറ്റ് കൗണ്‍ഡൗണ്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. 

കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം. റിസാറ്റ് -2 ബിആര്‍2 എന്നപേരിലും ഇത് അറിയപ്പെടും. ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. 

കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിപി.എസ്.എല്‍.വിയുടെ 51-ാം വിക്ഷേപണവുമാണ് ഇന്ന് നടന്നത്. എന്നാല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Content Highlights: Isro's PSLV-C49 carrying all-weather earth imaging satellite lifts off