ശ്രീഹരിക്കോട്ട: ഭൗമനിരീക്ഷണത്തിനുള്ള രണ്ട് ബ്രിട്ടീഷ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-42 ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്ന് രാത്രി 10.08നാണ് വിക്ഷേപണം നടന്നത്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പൂര്‍ണ വാണിജ്യ വിക്ഷേപണമാണിത്. ഐഎസ്ആര്‍ഒയ്ക്ക് 200 കോടി രൂപ ഈ വിക്ഷേപണം വഴി ലഭിക്കും.

ഐഎസ്ആര്‍ഒയുടെ വാണിജ്യ ശാഖയായ ആന്ററിക്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി വഴി നടത്തിയ കരാറിലൂടെയായിരുന്നു വിക്ഷേപണം.

പൂര്‍ണമായും വാണിജ്യാടിസ്ഥാനത്തിലുള്ള പിഎസ്എല്‍വി റോക്കറ്റിന്റെ ആറാമത്തേ വിക്ഷേപണമാണിതെന്ന് തിരുവനന്തപരും വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. സോംനാഥ് പറഞ്ഞു.

സറേ ടെക്‌നോളജി ലിമിറ്റഡാണ് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. 889 കിലോഗ്രാം ഭാരമുള്ളതാണ് നോവ എസ്എആര്‍, എസ് 1-4 എന്നീ ഉപഗ്രഹങ്ങള്‍. വനവ്യാപ്തി അറിയുക, കപ്പല്‍ മാപ്പിങ്, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് രാത്രി, പകല്‍ വ്യത്യാസമില്ലാതെ ഈ ഉപഗ്രഹങ്ങള്‍ സഹായിക്കും.