ബെംഗളൂരു: ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ 'ആമസോണിയ-വണ്ണും മറ്റ് 18 ചെറു ഉപഗ്രഹങ്ങളും വഹിച്ചു കൊണ്ടുള്ള ഐഎസ്ആര്‍ഒയുടെ വിക്ഷേപണ ദൗത്യം വിജയകരം. ആമസോണിയ വൺ വിജയകരമായി ഭ്രമണപഥത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. മറ്റ് ചെറു ഉപഗ്രങ്ങള്‍ ഇന്ത്യന്‍ സമയം 12.20 ഓടെ ഭ്രമണപഥത്തിലെത്തും. 

ഐഎസ്ആര്‍ഒയുടെ പുതിയ വാണിജ്യ വിഭാഗമായ എന്‍സില്‍ വഴിയുള്ള ആദ്യ സമ്പൂര്‍ണ വാണിജ്യ ഉപഗ്രഹ വിക്ഷേപണമാണിത്.  ഉപഗ്രഹവും വാഹിച്ചു കൊണ്ടുള്ള പി.എസ്.എല്‍.വി.-സി 51 റോക്കറ്റ് രാവിലെ 10.24-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ ഒന്നാമത്തെ ലോഞ്ച് പാഡില്‍നിന്നാണ് വിക്ഷേപിച്ചത്. അബിമാനനിമിഷമാണെന്ന ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പറഞ്ഞു.

ഇന്‍ സ്പേസിന്റെ (ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍) നാലും എന്‍.എസ്.ഐ.എലിന്റെ (ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്) 14-ഉം ഉപഗ്രഹങ്ങളാണ് ആമസോണിയ-ഒന്നിനൊപ്പം വിക്ഷേപിച്ചത്. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ശനിയാഴ്ച രാവിലെ 8.54-നാണ് തുടങ്ങിയത്. പി.എസ്.എല്‍.വി.യുടെ 53-ാമത് ദൗത്യമാണിത്.

amazonia

ഇന്‍ സ്‌പേസിന്റെ നാല് ഉപഗ്രഹങ്ങളില്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് കിഡ്സ് ഇന്ത്യ നിര്‍മിച്ച 'സതീഷ് ധവാന്‍ ഉപഗ്രഹ' (എസ്.ഡി. സാറ്റ്)വും ഉള്‍പ്പെടും. ഈ ഉപഗ്രഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ ഉള്‍പ്പെടെ രാജ്യത്തെ 5,000-ത്തോളം വ്യക്തികളുടെ പേരുകളും ഉണ്ടാകും.

637 കിലോഗ്രാം ഭാരമുള്ള ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ആമസോണ്‍ മേഖലയിലെ വനനശീകരണം നിരീക്ഷിക്കാനും ബ്രസീലിന്റെ ഭൂപ്രദേശത്തെ കൃഷിവൈവിധ്യങ്ങള്‍ വിലയിരുത്താനും ഉപകരിക്കും. ഇന്ത്യയില്‍നിന്ന് വിക്ഷേപിക്കുന്ന ബ്രസീലിന്റെ ആദ്യത്തെ ഉപഗ്രഹമാണ് ആമസോണിയ -1.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ശ്രീഹരിക്കോട്ടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുണ്ടായിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ വെബ്സൈറ്റിലും യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ വഴിയും വിക്ഷേപണത്തിന്റെ തത്സമയ സംപ്രേഷണം നടന്നിരുന്നു.

content highlights: ISRO launches PSLV-C51 carrying Amazonia-1 and 18 other satellites from Satish Dhawan Space Centre