ശ്രീഹരക്കോട്ട: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെയും വഹിച്ച് പി.എസ്.എല്‍.വിയുടെ അമ്പതാം കുതിപ്പ്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി.ആര്‍.ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പി.എസ്.എല്‍.വി.യുടെ ക്യു.എല്‍. പതിപ്പ് ഭ്രമണപഥത്തിലേക്കുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് ആയിരുന്നു വിക്ഷേപണം.

എസ്.ആര്‍. ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ ഡയറക്ടര്‍. അഞ്ചുവര്‍ഷം കാലാവധിയുള്ള, 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്-2 ബി.ആര്‍.-1. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്.

ഭൗമോപരിതലത്തില്‍നിന്ന് 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കും. ജപ്പാന്‍, ഇറ്റലി, ഇസ്രായേല്‍ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കയുടെ ആറ് ഉപഗ്രഹങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ പി.എസ്.എല്‍.വി. വഹിക്കുന്നുണ്ട്. 21 മിനിറ്റും 19.5 സെക്കന്‍ഡുമെടുത്താണ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക.

ഇതുവരെയുള്ള ദൗത്യങ്ങളില്‍ രണ്ടുതവണയൊഴികെ മറ്റെല്ലാ ദൗത്യങ്ങളിലും പി.എസ്.എല്‍.വി. വിജയചരിത്രം കുറിച്ചിട്ടുണ്ട്. ഇതുവരെയായി ഇന്ത്യയുടെ 40-ഉം വിദേശ രാജ്യങ്ങളുടെ 110 ഉം ഉപഗ്രഹങ്ങള്‍ പി.എസ്.എല്‍.വി. ബഹിരാകാശത്ത് എത്തിച്ചു. 1993-ലെ ആദ്യ പറക്കലും 2017-ലെ 41-ാം പറക്കലും മാത്രമായിരുന്നു പരാജയങ്ങള്‍. ഐ.ആര്‍.എസ്. 1 ഇ.യും കൊണ്ടായിരുന്നു ആദ്യ യാത്ര. ഡോ. എസ്. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു മേല്‍നോട്ടം. സോഫ്റ്റ്വേര്‍ തകരാര്‍മൂലം വിക്ഷേപണ വാഹനം ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്നു വീണു. 1994-ലും 1995-ലും നടന്ന പരീക്ഷണപ്പറക്കലും വേണ്ടത്ര വിജയിച്ചില്ല.

പരാജയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് 1996-ലെ മൂന്നാം നിരീക്ഷണവിക്ഷേപണത്തില്‍ പി.എസ്.എല്‍.വി. വിജയംകൈവരിച്ചു. ഈ വിജയം പരമ്പരയായി തുടര്‍ന്നു. എന്നാല്‍, 2017 ഓഗസ്റ്റ് 31-ന് അടുത്ത പരാജയം നേരിട്ടു. ഐ.ആര്‍.എന്‍.എസ്.എസ്. 1 എച്ച്. ഉപഗ്രഹവും വഹിച്ചുള്ള യാത്ര പരാജയത്തിലേക്കായിരുന്നു. സാങ്കേതിക തകരാറായിരുന്നു കാരണം. ചുരുക്കം വീഴ്ചകള്‍ക്കിടയിലും 26 വര്‍ഷമായി പി.എസ്.എല്‍.വി. കരുത്തു ചോരാതെ കുന്തമുനപോലെ നില്‍ക്കുന്നു. ഈ വര്‍ഷം നവംബര്‍ 27-ന് നടന്ന ഏറ്റവും ഒടുവിലത്തെ വിക്ഷേപണത്തില്‍ കാര്‍ട്ടോസാറ്റ് 3 ഉള്‍പ്പെടെ 13 വാണിജ്യ ഉപഗ്രഹങ്ങളെയാണ് പി. എസ്.എല്‍.വി. -സി.47 ബഹിരാകാശത്തെത്തിച്ചത്.

Content Highlights: Isro launches RISAT-2BR1 by PSLV-C48 from Satish Dhawan Space Centre