ബെംഗളൂരു: വെര്‍ച്വല്‍ വിക്ഷേപണ കണ്‍ട്രോള്‍ സെന്ററും (എല്‍.സി.സി) വെര്‍ച്വല്‍ സാറ്റലൈറ്റ് കണ്‍ട്രോള്‍ സെന്ററും (എസ്.സി.സി) പതിവാകുമെന്നും പുതുവര്‍ഷത്തില്‍ കൂടുതല്‍ പരിഷ്‌കാരങ്ങളുണ്ടാകുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. കോവിഡ്കാലത്ത് നേരിട്ട വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
'2020-ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ കോവിഡ് മഹാമാരി മൂലമുള്ള പരീക്ഷണങ്ങളും കഷ്ടപാടുകളും ഞങ്ങളെ ഓര്‍മപ്പെടുത്തും. എന്നാല്‍ത്തന്നെയും ഡിസൈനിലും വികസനത്തിലും വെര്‍ച്വല്‍ മോഡില്‍ വളരെയധികം പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു. ഗഗന്‍യാനിന്റേയും ചന്ദ്രയാന്‍-3 യുടേയും പ്രധാന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. വെര്‍ച്വല്‍ എല്‍.സി.സി, എസ്.സി.സി എന്ന ആശയം വികസിക്കുകയും നടപ്പാക്കുകയും ചെയ്തു. ഈ രീതി കൂടുതല്‍ കാര്യക്ഷമമായി കാണുന്നു. ഭാവിയില്‍ ഇത് സാധാരണമാകുകയും ചെയ്യും' ഐസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.
പോയ ദശകങ്ങളെ അപേക്ഷിച്ച് അവസാന പത്തു വര്‍ഷം ഇസ്രോയുടെ പലതിന്റേയും ആദ്യ ദശകമാണ്.അടുത്ത ദശകത്തിലേക്ക് നോക്കുമ്പോള്‍ ആഗോളതലത്തില്‍ നിരവധി സ്വകാര്യ ഏജന്‍സികളുടെ പ്രവേശനം മൂലം മേഖയിലുണ്ടാകുന്ന പ്രശ്നങ്ങൾ നാം അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.