സുപ്രീം കോടതി | Photo: PTI
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ പ്രതികളായ സി.ബി മാത്യൂസ്, ആര്.ബി. ശ്രീകുമാര്‍ തുടങ്ങിയവര്‍ക്ക് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ പുതുതായി വാദംകേട്ട് തീരുമാനമെടുക്കാനും ഹൈക്കോടതിക്ക് നിര്‍ദേശം നല്കി. ജസ്റ്റിസ് എം.ആര്. ഷാ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. നാല് ആഴ്ചയ്ക്കുള്ളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീരുമാനമെടുക്കണെമന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മുന്‍ ഡി.ജി.പി സിബി മാത്യൂസ്, ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.ബി.ശ്രീകുമാര്‍, എസ് വിജയന്, തമ്പി എസ്. ദുര്‍ഗ്ഗാദത്ത്, പി.എസ്. ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. നേരത്തെ ഹൈക്കോടതി ഇവര്‍ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയെങ്കിലും പുതുതായി വാദം കേട്ട് തീരുമാനമെടുക്കുന്നത് വരെ ഇവരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ ചില വസ്തുതകള്‍ കണക്കിലെടുക്കുന്നതില്‍ ഹൈക്കോടതിക്ക് വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഗൂഢാലോചന കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ട് പതിറ്റാണ്ട് മുമ്പ് നടന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജസ്റ്റിസ് ഡി.കെ. ജയിന് സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം നടത്തിയത് എന്ന വസ്തുത ഹൈക്കോടതി കണക്കിലെടുക്കാത്തത് പിഴവാണെന്നായിരുന്നു ജസ്റ്റിസ് എം.ആര്. ഷാ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം. ഗൂഢാലോചനയ്ക്ക് പിന്നില്‍ വിദേശശക്തികള്‍ക്ക് പങ്കുണ്ടെന്ന സി.ബി.ഐ.യുടെ ആരോപണവും ഓരോ പ്രതികള്‍ക്ക് എതിരായ കേസിന്റെ വസ്തുതകളും ഹൈക്കോടതി കണക്കിലെടുത്തില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
നമ്പി നാരായണനും മറ്റ് ശാസ്ത്രജ്ഞര്‍ക്കും എതിരേ ചാരക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നില്‍ വിദേശശക്തികളുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് സി.ബി.ഐ.യ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചിരുന്നു. ആര്.ബി.ശ്രീകുമാറിന് വേണ്ടി കപില്‍ സിബലും സിബി മാത്യൂസിന് വേണ്ടി അഭിഭാഷകന് ജോജി സ്കറിയയും പി.എസ്.ജയപ്രകാശിന് വേണ്ടി അഭിഭാഷകന് കാളീശ്വരം രാജുമാണ് ഹാജരായത്.
Content Highlights: isro espionage case supreme court cancels sibi mathews rb sreekumar anticipatory bail
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..