ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഡി.കെ. ജെയിന്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി. 

വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനോട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ആവശ്യപ്പെട്ടു. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ഇതൊരു ദേശീയ പ്രശ്‌നമാണെന്നും തുഷാര്‍ മെഹ്ത പറഞ്ഞു. വിഷയം പ്രാധാന്യമുള്ളതാണ്. എന്നാല്‍ അതീവ പ്രാധാന്യമുള്ളതല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിഷയം അടുത്തയാഴ്ച പരിഗണിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി. 

നമ്പി നാരായണന് അതിഭീകര അപമാനത്തിനും അപരിമിതമായ മനോവേദനയ്ക്കും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ 2018-ലാണ് റിട്ട. ജസ്റ്റിസ് ഡി.കെ. ജെയിന്‍ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ സുപ്രീം കോടതി നിയോഗിച്ചത്. കമ്മിറ്റിയിലേക്ക് ഓരോ ഉദ്യോഗസ്ഥരെ നാമനിര്‍ദേശം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും സുപ്രീം കോടതി നിര്‍ദേശവും നല്‍കിയിരുന്നു. 

ഡി.കെ. ജെയിന്‍ കമ്മിറ്റി ഈയടുത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചാരക്കേസില്‍ പ്രതിയായതിനു പിന്നാലെ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന് കടന്നുപോകേണ്ടി വന്ന അതിതീവ്ര അപമാനം കണക്കിലെടുത്ത് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും അന്ന് കേരള സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. 

content highlights: isro  espionage case: sc to hear matter next week