ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെതിരായ ഗൂഢാലോചനയെ സംബന്ധിച്ച് അന്വേഷിച്ച ജസ്റ്റിസ് ഡികെ ജയിന്‍ സമിതി അതീവ ഗൗരവമേറിയ കാര്യങ്ങള്‍ നടന്നുവെന്ന് കണ്ടെത്തിയതായി സുപ്രീംകോടതി. ഇതേക്കുറിച്ച് തുടരന്വേഷണം വേണമെന്നാണ് ജസ്റ്റിസ് ജയിന്‍ സമിതി ശുപാര്‍ശ ചെയ്തതെന്നും ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. റിപ്പോര്‍ട്ട് താന്‍ വായിച്ചിരുന്നതായും സോളിസിറ്റര്‍ ജനറല്‍ നടത്തിയ ഒരു പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അറിയിച്ചു.

രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച പ്രഗത്ഭനായ ശാസ്ത്രജ്ഞനുമായി ബന്ധപ്പെട്ട കേസാണിതെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. അതിനാല്‍ അന്വേഷണം സിബിഐ ആക്ടിങ് ഡയറക്ടര്‍ക്ക് കൈമാറണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ട് സിബിഐ ആക്ടിങ് ഡയറ്കടര്‍ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചത്. മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സിബിഐ കോടതിക്ക് കൈമാറണം. 

റിപ്പോര്‍ട്ട് വേണമെന്ന നമ്പി നാരായണന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല

ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറണമെന്ന് നമ്പി നാരായണന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സി ഉണ്ണികൃഷ്ണന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനുള്ളതല്ലെന്നും, വസ്തുതകള്‍ അറിയാന്‍ കോടതിക്ക് കൈമാറിയതാണെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ചൂണ്ടിക്കാട്ടി. ഒരു ഘട്ടത്തില്‍ റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് സോളിസിറ്റര്‍ ജനറല്‍ക്ക് കൈമാറാമെന്ന് നിരീക്ഷിച്ചിരുന്നു എങ്കിലും അതും കോടതി പിന്നീട് ഉത്തരവില്‍ നിന്ന് ഒഴിവാക്കി.

സിബി മാത്യൂസിന്റെയും ജോഷ്വയുടെയുടെയും പരാതികളും കോടതി തള്ളി

തങ്ങളുടെ വാദം കേള്‍ക്കാതെ ആണ് ജസ്റ്റിസ് ജയിന്‍ സമിതി അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് സിബി മാത്യൂസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് ശര്‍മ്മ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കുറ്റാരോപിതരുടെ വാദം കേള്‍ക്കാനാണ് സമിതിയെ നിയമിച്ചത് എന്ന് കോടതി വ്യക്തമാക്കി. നിലവില്‍ ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ പറയുമ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ റിപ്പോര്‍ട്ട് അതിന്റെ ഭാഗം ആകില്ലേയെന്ന് കെ കെ ജോഷ്വയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കോടതി നിരീക്ഷണത്തില്‍ അന്വേഷണം നടത്തണം എന്ന സിബി മാത്യൂസിന്റെ ആവശ്യത്തോടും കോടതി അനുകൂലമായി അല്ല പ്രതികരിച്ചത്.

content highlights: Isro espionage case: SC orders CBI probe