ന്യൂഡൽഹി: ഐ എസ് ആർ ഒ ചാരകേസിൽ നഷ്ടപരിഹാരം തേടി മറിയം റഷീദയും, ഫൗസിയ ഹസ്സനും സിബിഐ മുഖേനെ സുപ്രീംകോടതിയെ സമീപിച്ചു. കുറ്റക്കാരായ പതിനെട്ട് പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് രണ്ട് കോടി രൂപ നഷ്ടപരിഹാരം ലഭിക്കണം എന്നാണ് ആവശ്യം. തങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച മുൻ പോലീസ് ഉദ്യോഗസ്ഥൻ എസ് വിജയന് എതിരെ നിയമനടപടി വേണമെന്നും ഇരുവരും സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

അനധികൃതമായി മൂന്ന് വർഷവും ആറ് മാസവും തടങ്കലിൽ പാർപ്പിച്ചതിനും ലൈംഗീക പീഡനത്തിനമാണ് നഷ്ടപരിഹാരം തേടിയിരിക്കുന്നത്. ഒരു വർഷത്തോളം ദേശീയ സുരക്ഷാ നിയമം ചുമത്തി വിചാരണ പോലുമില്ലാതെയാണ് തടങ്കലിൽ പാർപ്പിച്ചത് എന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.

1994 ഒക്ടോബർ 13ന് ഉച്ചയ്ക്ക് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് തിരുവന്തപുരത്തെ സാമ്രാട്ട് ഹോട്ടലിലെ മുറിയിൽ വച്ച് എസ് വിജയൻ ലൈംഗീകമായി പീഡിപ്പിച്ചത് എന്ന് അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്. ഇതേകുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഐ എസ് ആർ ഒ ചാരക്കേസ് അന്വേഷിച്ച കേരള പോലീസിലേയും, ഇന്റലിജൻസ് ബ്യുറോയിലെയും ഉദ്യോഗസ്ഥരിൽ നിന്ന് രണ്ട് കോടി നഷ്ടപരിഹാരം ലഭിക്കണം എന്നാണ് ഇരുവരുടെയും ആവശ്യം. ഇരുവരും സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.

Contennt Highlights: isro espionage case; Mariam rasheeda and fousiya hassan approach supreme court