ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണനെതിരേ നടന്ന ഗൂഢാലോചന സംബന്ധിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സി.ബി.ഐ. സുപ്രീം കോടതിക്ക് കൈമാറി. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും.

നമ്പി നാരായണനെതിരായ ഗൂഢാലോചന കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം കൈമാറണമെന്ന് ഏപ്രില്‍ 15 ന് സി.ബി.ഐ.യോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ സുപ്രീം കോടതിക്ക് കൈമാറിയത്. കേസ് അന്വേഷണത്തെ സംബന്ധിച്ച് സി.ബി.ഐ. ഹെഡ് ക്വാര്‍ട്ടേഴ്സിലെ ജോയിന്റ് ഡയറക്ടര്‍ കൈമാറിയ കത്തും സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണമായതിനാലാണ് മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് മുദ്രവെച്ച കവറില്‍ സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച പരിഗണിക്കുന്നത്.

ഗൂഢാലോചനാ കേസിലെ പ്രതിയായ ഐബി മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാറിന്റെ ട്രാന്‍സിറ്റ് ജാമ്യാപേക്ഷയില്‍ ഈ മാസം 28 ന് ഗുജറാത്ത് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷകളില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ശ്രീകുമാറിന്റെ ജാമ്യാപേക്ഷയിലും സ്വീകരിക്കുകയെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

Content Highlights: Isro espionage case : Investigation progress report was handed over to the Supreme Court