ന്യൂഡൽഹി: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ പ്രതിയായ ഇന്റലി‍ജൻസ് ബ്യൂറോ മുൻ ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാര്‍ അടക്കമുള്ളവരുടെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. പ്രതികളായ എസ് വിജയൻ, തമ്പി എസ് ദുർഗ്ഗാദത്ത്, പിഎസ് ജയപ്രകാശ് എന്നിവരുടെ മുൻ‌കൂർ ജാമ്യവും റദ്ദാക്കണമെന്നും സിബിഐ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. ദേശീയ പ്രാധാന്യമുള്ള കേസിലെ വസ്തുതകൾ കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും സിബിഐ വ്യക്തമാക്കി.

ആർ. ബി ശ്രീകുമാർ ഉൾപ്പടെയുള്ള പ്രതികൾക്ക് എതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സിബിഐ ആരോപിച്ചിട്ടുണ്ട്. പ്രതികൾ ജാമ്യത്തിൽ കഴിയുന്നത് അന്വേഷണത്തിന്റെ വേഗതയെ ബാധിക്കും. പല സാക്ഷികളും മൊഴി നൽകാൻ തയ്യാറാകില്ലെന്നും സിബിഐ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വി എസ് എസ് സിയിൽ കമാൻഡന്റ് ആയിരുന്ന കാലഘട്ടം മുതൽ ആർ ബി ശ്രീകുമാറിന് തന്നെ അറിയാമായിരുന്നു എന്ന് നമ്പി നാരായണൻ സിബിഐ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. അക്കാലത്ത് അടുത്ത ഒരു ബന്ധുവിന് ജോലി നൽകണം എന്ന ശ്രീകുമാറിന്റെ ആവശ്യം നിരസിച്ചതിനാൽ തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു എന്നും മൊഴി നൽകിയിട്ടുണ്ട്. ഭാവിയിൽ ദുഃഖിക്കേണ്ടി വരുമെന്ന് ശ്രീകുമാർ ഭീഷണിപ്പെടുത്തിയിരുന്നതായും സിബിഐ ഡി വൈ എസ് പി സുനിൽ സിംഗ് റാവത്തിന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തോട് നമ്പി നാരായൺ പറഞ്ഞിരുന്നു. ഈ ആരോപണം തെളിയിക്കാൻ ശ്രീകുമാറിനെ കസ്റ്റഡിയിൽ ചോദ്യംചെയ്യണമെന്നാണ് സിബിഐ യുടെ നിലപാട്.

ഗൂഢാലോചനക്കേസിലെ ഏഴാം പ്രതിയാണ് ആർ ബി ശ്രീകുമാർ. എസ്. വിജയൻ ഒന്നാം പ്രതിയും, തമ്പി എസ്. ദുർഗാദത്ത് രണ്ടാം പ്രതിയും, പി എസ് ജയപ്രകാശ് പതിനൊന്നാം പ്രതിയുമാണ്. സിബിഐ യ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും, അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവും ആകും സുപ്രീം കോടതിയിൽ ഹാജരാകാൻ സാധ്യത.

Content Highlights: isro espionage case - CBI Approaches to supreme court for cancel bail


Content Highlights: isro espionage case - CBI Approaches to supreme court for cancel bail