Photo: Mathrubhumi
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഓ ചാരകേസിലെ ഗൂഢാലോചനയില്‍ പ്രതികളായവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോള്‍ ചില വസ്തുതകള്‍ കണക്കിലെടുക്കുന്നതില്‍ ഹൈക്കോടതിക്ക് വീഴ്ച്ച പറ്റിയെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എം.ആര് ഷാ അധ്യക്ഷനായ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ആര്.ബി. ശ്രീകുമാര്‍, സി.ബി. മാത്യൂസ് തുടങ്ങിയ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യത്തിനെതിരെ സി.ബി.ഐ. നല്കിയ ഹര്‍ജി വിധി പറയാനായി സുപ്രീംകോടതി മാറ്റി.
ഗൂഢാലോചന കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രണ്ട് പതിറ്റാണ്ടുമുമ്പ് നടന്നതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജസ്റ്റിസ് ഡി.കെ. ജയിന് സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. അന്വേഷണം നടത്തിയത് എന്ന വസ്തുത ഹൈക്കോടതി കണക്കിലെടുക്കാത്തത് പിഴവ് ആണെന്ന് ജസ്റ്റിസ് എം.ആര്.ഷാ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. ഗൂഢാലോചനയ്ക്ക് പിന്നില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടെന്ന സിബിഐയുടെ ആരോപണവും ഓരോ പ്രതിക്കും എതിരായ കേസുകളുടെ വസ്തുതകളും ഹൈക്കോടതി കണക്കില്‍ എടുത്തില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വീണ്ടും വാദംകേള്‍ക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ വിധി വരുന്നതുവരെ തങ്ങളെ അറസ്റ്റില്‍ നിന്ന് സംരക്ഷിക്കണമെന്ന പ്രതികളുടെ ആവശ്യത്തോടും സുപ്രീംകോടതി അനുകൂലമായാണ് പ്രതികരിച്ചത്. ഇക്കാര്യം മുന്‍കൂര്‍ ജാമ്യത്തിനെതിരെ സിബിഐ നല്കിയ ഹര്‍ജിയില്‍ പുറത്തിറക്കുന്ന ഉത്തരവില്‍ വ്യക്തമാക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്.ബി. ശ്രീകുമാര്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, എസ്. വിജയന്, തമ്പി എസ്. ദുര്‍ഗ്ഗാദത്ത്, പി.എസ്. ജയപ്രകാശ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. നമ്പി നാരായണനും, മറ്റ് ശാസ്ത്രജ്ഞര്‍ക്കും എതിരെ ചാരക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നില്‍ വിദേശ ശക്തികളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് സിബിഐ യ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചു. ആര്.ബി ശ്രീകുമാറിന് വേണ്ടി കപില്‍ സിബലും, സിബി മാത്യൂസിന് വേണ്ടി അഭിഭാഷകന് ജോജി സ്കറിയയും, പി.എസ് ജയപ്രകാശിന് വേണ്ടി അഭിഭാഷകന് കാളീശ്വരം രാജുമാണ് ഹാജരായത്.
Content Highlights: isro case ,conspiracy, supremcourt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..