ന്യൂഡല്‍ഹി: ഇന്ത്യയുടെയും റഷ്യയുടെയും വിദൂര സംവേദന ഉപഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിയുടെ വക്കിലെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൃത്രിമോപഗ്രഹം കാര്‍ട്ടോസാറ്റ്-2എഫ് ഉം റഷ്യന്‍ കൃത്രിമോപഗ്രഹം കനോപസ്-5 ഉം തമ്മിലുള്ള കൂട്ടിയിടിയാണ് ഒഴിവായത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസും ഇക്കാര്യം സ്ഥിരീകരിച്ചു.

നവംബര്‍ 27ന് ആണ് ഇരു രാജ്യങ്ങളുടെയും കൃത്രിമോപഗ്രഹങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇരു ഉപഗ്രഹങ്ങളും തമ്മില്‍ 224 മീറ്റര്‍വരെ അടുത്തെത്തിയതായി റോസ്‌കോസ്‌മോസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇങ്ങനയൊരു സംഭവം ഉണ്ടായതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ റോസ്‌കോസ്‌മോസിന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമായി, ഇരു ഉപഗ്രഹങ്ങളും തമ്മില്‍ 420 മീറ്റര്‍ അകലമുണ്ടായിരുന്നെന്ന് ഐഎസ്ആര്‍ഒ മേധാവി കെ. ശിവന്‍ വ്യക്തമാക്കി. ഉപഗ്രഹങ്ങള്‍ അടുത്തവരുന്നത് സാധാരണമാണ്. 

നാല് ദിവസമായി കാര്‍ട്ടോസാറ്റ് -2 എഫിന്റെ പാത ഐഎസ് ആര്‍ഒ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും രണ്ട് ഉപഗ്രഹങ്ങളും പരസ്പരം 150 മീറ്ററില്‍ കുറഞ്ഞ ദൂരത്തില്‍ എത്തിക്കഴിഞ്ഞാല്‍ മാത്രമേ ഉപഗ്രത്തിന്റെ ഗതിയില്‍ മാറ്റം വരുത്തേണ്ടതുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. 

സാധാരണഗതയില്‍ ഒരു കിലോമീറ്റര്‍ ആണ് രണ്ട് കൃത്രിമോപഗ്രഹങ്ങള്‍ തമ്മില്‍ ഉണ്ടായിരിക്കേണ്ട ദൂരമായി കണക്കാക്കുന്നത്. ഏതെങ്കിലും വിധത്തില്‍ ഉപഗ്രഹങ്ങള്‍ തമ്മില്‍ അടുത്തുവരുന്ന സാഹചര്യമുണ്ടായാല്‍ ദിവസങ്ങള്‍ക്കു മുന്‍പുതന്നെ ഗതിമാറ്റം വരുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാറുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: ISRO Cartosat-2F Comes Too Close to Russian Satellite in Space, Collision Avoided