ന്യൂഡല്‍ഹി: ആറുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി അദ്ദേഹത്തെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരിച്ചു.

സാധാരണയായി മറ്റുരാജ്യത്തലവന്മാര്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ പ്രധാനമന്ത്രി നേരിട്ടെത്തി സ്വീകരിക്കാറില്ല. മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിക്കുക പതിവ്. ഇതിനു ശേഷം രാഷ്ട്രപതി ഭവനില്‍ വച്ചാകും പ്രധാനമന്ത്രി  ഔദ്യോഗിക സ്വീകരിക്കുക. എന്നാല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു.

നാളെയാണ് രാഷ്ട്രപതി ഭവനില്‍ വച്ച് നെതന്യാഹുവിന് സ്വീകരണം നല്‍കുന്നത്.  ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര- പ്രതിരോധ-നയതന്ത്ര മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.

നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് ആറുമാസത്തിനു ശേഷമാണ് നെതന്യാഹു ഇന്ത്യയിലെത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം 1992 ല്‍ പുനഃസ്ഥാപിച്ചതിനു ശേഷം  ഇന്ത്യാ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രയേല്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. 130 അംഗ പ്രതിനിധി സംഘവും നെതന്യാഹുവിനൊപ്പം എത്തിയിട്ടുണ്ട്.

content highlights: Israeli PM Netanyahu reached india for six day visit