Representational Image | Photo: gettyimages.in
ന്യൂഡല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയക്കാരും ജഡ്ജിമാരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തി എന്ന വാര്‍ത്ത നിഷേധിച്ച് പെഗാസസ് സോഫ്റ്റ്വെയറിന്റെ നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍.എസ്.ഒ. ഗ്രൂപ്പ്. പുറത്തുവന്ന റിപ്പോര്‍ട്ടിലുള്ളത് ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത സിദ്ധാന്തങ്ങളുമാണെന്നും യാഥാര്‍ഥ്യത്തില്‍നിന്ന് വളരെ അകലെയാണ് വസ്തുതകളെന്നും കമ്പനി ആരോപിച്ചു.
റിപ്പോര്‍ട്ടിലെ തെറ്റായ അവകാശവാദങ്ങള്‍ ഞങ്ങള്‍ നിഷേധിക്കുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട്. ഉന്നയിക്കപ്പെട്ടിരിക്കുന്ന പലകാര്യങ്ങള്‍ക്കും സാധൂകരിക്കുന്നതിനുള്ള തെളിവുകള്‍ ഇല്ല, എന്‍എസ്ഒ ഗ്രൂപ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. യാഥാര്‍ഥ്യത്തില്‍നിന്ന് ഏറെ അകലെ നില്ക്കുന്നതും ന്യായീകരിക്കാനാകാത്തതുമാണ് ഈ ആരോപണങ്ങളെന്നും അപകീര്‍ത്തികരമായ റിപ്പോര്‍ട്ടിനെതിരേ നിയമപരമായ നടപടികളിലേക്ക് നീങ്ങാന്‍ ആലോചിക്കുന്നതായും കമ്പനി പറഞ്ഞു.
തങ്ങളുടെ സെര്‍വറില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള അവകാശവാദത്തെയും എന്‍എസ്ഒ തള്ളിക്കളഞ്ഞു. അങ്ങനെയുള്ള ഡാറ്റകള്‍ തങ്ങളുടെ സെര്‍വറുകളില്‍ ഒന്നില്‍പോലും ഇല്ല. തങ്ങളുടെ ഉപഭോക്താക്കളുടെ പട്ടികയുടെ ഭാഗമല്ലാത്തതും ആര്‍ക്കുവേണമെങ്കിലും ലഭ്യമായതുമായ അടിസ്ഥാന വിവരങ്ങളാണ് ചോര്‍ത്തിയതായി അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ പെഗാസസ് ഫോണുകള്‍ നിരീക്ഷിച്ചു എന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും എന്‍എസ്ഒ പറയുന്നു.
അതേസമയം, ചോര്‍ത്തല്‍ നടന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരും അവകാശപ്പെട്ടു. ഇന്ത്യ ശക്തമായ ജനാധിപത്യരാജ്യമാണ്. ജനങ്ങളുടെ സ്വകാര്യത മൗലികവകാശമായികണ്ടുതന്നെ ഉറപ്പുവരുത്തും. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഐടി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
മോദി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍, മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കള്‍, സുരക്ഷാ ഏജന്‍സികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികള്‍, 40 പത്രപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങി ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഇസ്രയേലി ചാര സോഫ്റ്റ്വേറായ പെഗാസസിന്റെ സാന്നിധ്യം ഈ നമ്പറുകളില്‍ ചിലതില്‍ കണ്ടതായാണ് വിദേശമാധ്യമങ്ങളായ 'വാഷിങ്ടണ്‍ പോസ്റ്റ്', 'ദ ഗാര്ഡിയന്' എന്നിവരും ഇവരുടെ ഇന്ത്യയിലെ പങ്കാളിയായ 'ദ വയര്‍' വെബ് മാധ്യമവും റിപ്പോര്‍ട്ട് ചെയ്തത്.
പെഗാസസിന്റെ ഡേറ്റാ ബേസില്‍ ഈ നമ്പറുകളുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീംകോടതിയിലെ ഒരു ജഡ്ജിയുടെ ഫോണ്‍നമ്പറും ഉണ്ടെന്നും ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്നും 'ദ വയര്‍' റിപ്പോര്‍ട്ടുചെയ്യുന്നു. 50 രാജ്യങ്ങളിലായി ഒട്ടേറെ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇവര്‍ നിരീക്ഷണത്തിലാണെന്നാണ് വെളിപ്പെടുത്തലുകളില്‍ വ്യക്തമാകുന്നത്.
മുതിര്‍ന്ന ബി.ജെ.പി. നേതാവും രാജ്യസഭാംഗവുമായ ഡോ. സുബ്രഹ്മണ്യന് സ്വാമിയാണ് ഞായറാഴ്ച രാവിലെ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്ന സൂചന ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രാത്രി വിവരങ്ങള്‍ പുറത്തുവന്നു. നിരവധി അറബ് രാജകുടുംബാംഗങ്ങള്‍, 65 ബിസിനസ് എക്സിക്യുട്ടീവുകള്‍, 85 മനുഷ്യാവകാശപ്രവര്‍ത്തകര്‍, 189 പത്രപ്രവര്‍ത്തകര്‍, 600 രാഷ്ട്രീയപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡേറ്റാ ബേസിലുണ്ടെന്ന് പറയുന്നു.
ഈ ഫോണ്‍നമ്പറുകള്‍ പെഗാസസിന്റെ ഡേറ്റാബേസില്‍ കാണുന്നത്, നിരീക്ഷിക്കപ്പെട്ടു എന്നതിന്റെ സൂചനയാണെന്നും എന്നാല്‍, ചോര്‍ത്തി എന്ന് വ്യക്തമാകണമെങ്കില്‍ ഫൊറന്‍സിക് പരിശോധന വേണമെന്നും ചൂണ്ടിക്കാട്ടുന്നു. ചില നമ്പറുകളില്‍ ഫൊറന്‍സിക് പരിശോധന നടത്തിയപ്പോള്‍, ചോര്‍ത്തല്‍ തെളിഞ്ഞിട്ടുണ്ടെന്നും വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാരീസിലെ ഒരു സന്നദ്ധസംഘടനയ്കും ആംനസ്റ്റി ഇന്റര്‍നാഷണലിനും ലഭിച്ച ചില ഡേറ്റാബേസുകളില്‍ നിന്നാണ് അന്വേഷണത്തിലേക്കേത്തിയത്.
Content Highlights: Israeli firm NSO refutes allegations of government's surveillance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..