പ്രതീകാത്മക ചിത്രം | ഫോട്ടോ - IsraelinIndia witter
ന്യൂഡല്‍ഹി: കൃഷി, ജലവിനിയോഗം എന്നീ മേഖലകളില്‍ ഇസ്രയേലിന്റെ സാങ്കേതികവിദ്യ അടക്കമുള്ളവ പകര്‍ന്നു നല്‍കാൻ ഇന്ത്യയിലെ ഇസ്രയേല്‍ എംബസിയില്‍ 2021 ജനുവരി മുതല്‍ പ്രത്യേക വാട്ടര്‍ അറ്റാഷെയും ഉണ്ടാകും. ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി റോണ്‍ മാല്‍ക്ക അറിയിച്ചതാണ് ഇക്കാര്യം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുവേണ്ടി പ്രത്യേക കോണ്‍സലിനേയും ഇസ്രയേല്‍ നിയോഗിക്കും.
ഇസ്രയേല്‍ എംബസിയിലുള്ള അഗ്രിക്കള്‍ച്ചര്‍ അറ്റാഷെക്കൊപ്പം വാട്ടര്‍ അറ്റാഷെയും പ്രവര്‍ത്തിക്കും. രാജ്യത്തെ കൃഷി - ജലസേചന മേഖലകളില്‍ ഇരുവരും ശ്രദ്ധ കേന്ദ്രീകരിക്കും. ജല വിനിയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയും ഇസ്രയേലും തമ്മില്‍ തന്ത്രപരമായ സഹകരണമാണ് ഉള്ളതെന്ന് റോണ്‍ മാല്‍ക്ക ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിസന്ധി അകലുന്നതോടെ ജലസേചനം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നായി മാറും. ഇതിനെ നേരിടുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കാന്‍ ഇസ്രയേലിന് കഴിയും.
ജല വിനിയോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ - ഇസ്രയേല്‍ സഹകരണം വളരെയധികം മുന്നോട്ടു പോയിക്കഴിഞ്ഞു. ആദ്യ പദ്ധതി യുപിയില്‍ നടപ്പിലാക്കി. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ചാണ് ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇതിന്റെയെല്ലാം അടിസ്ഥാനമെന്നും മാല്‍ക്ക അവകാശപ്പെട്ടു.
കൃഷി, ജലസേചനം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇസ്രയേലിന്റെ സഹകരണത്തോടെ നവീകരണം നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ - ഇസ്രയേല്‍ സഹകരണത്തിലെ പ്രധാന മേഖല പ്രതിരോധം ആണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രധാന മേഖലകളില്‍ ഒന്ന് എന്ന മറുപടി അദ്ദേഹം നല്‍കി.
Content Highlights: Israeli Embassy to have 'Water Attache' in India from Jan; North-East Consul: Ambassador
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..