ന്യൂഡല്‍ഹി: ബിയര്‍ കുപ്പിയില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം വന്നതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഇസ്രായേല്‍ കമ്പനി മാപ്പു പറഞ്ഞു. ഇസ്രായേലിന്റെ 71-ാം സ്വാതന്ത്യ ദിനഘോഷത്തിന്റെ ഭാഗമായാണ് മദ്യക്കമ്പനി ഗാന്ധിജിയുടെ ചിത്രം ബിയര്‍ ബോട്ടിലില്‍ ഉപയോഗിച്ചത്. മൂന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങളും ബിയര്‍ കുപ്പികളില്‍ ആലേഖനം ചെയ്തിരുന്നു. എന്നാല്‍, ഇസ്രായേലിന് പുറത്ത് നിന്നുള്ള ഏക വ്യക്തി ഗാന്ധിജി മാത്രമായിരുന്നു.

ബുധനാഴ്ചയാണ് ഇന്ത്യന്‍ ജനതയോടും സര്‍ക്കാരിനോടും മാപ്പപേക്ഷിച്ച് കമ്പനി ബ്രാന്‍ഡ് മാനേജര്‍ പ്രസ്താവനയിറക്കിയത്. മഹാത്മാ ഗാന്ധിയെ ഞങ്ങള്‍ വളരെയധികം ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ തെറ്റായ നടപടിയില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇസ്രായേലിലെ ഇന്ത്യന്‍ എംബസി ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് ഗാന്ധിജിയുടെ ഫോട്ടോ പതിച്ച ബിയറുകളുടെ വിതരണം നിര്‍ത്തിവെച്ചിട്ടുണ്ട്. വിപണയിലെത്തിയിട്ടുള്ള ഇത്തരം ബോട്ടിലുകള്‍ പിന്‍വലിപ്പിക്കാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നും അവര്‍ പറയുന്നു. മഹാത്മഗാന്ധിക്ക് ആദരവ് നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ യഥാര്‍ഥ ലക്ഷ്യമെന്നും കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അവകാശപ്പെട്ടു.

ചൊവ്വാഴ്ച രാജ്യസഭയില്‍ ചില അംഗങ്ങള്‍ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിദേശ കാര്യമന്ത്രി എസ്. ജയശങ്കറിനോട് വിഷയം അന്വേഷിക്കാനും അടിയന്തര നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിരുന്നു.

Content Highlights: Israeli company apologises for putting Mahatma Gandhi’s image on beer bottles