ന്യൂഡല്‍ഹി: ഇസ്രായേല്‍ എംബസിക്ക് പുറത്ത് സ്‌ഫോടന വസ്തുക്കള്‍ സ്ഥാപിച്ചവരെന്ന് കരുതുന്ന രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പുറത്തുവിട്ടു. ഈ വര്‍ഷം ജനുവരിയിലാണ് ഡല്‍ഹിയിലെ ഇസ്രായേല്‍ എംബിസിക്ക് മുന്നില്‍ സ്‌ഫോടനം നടന്നത്.

വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍.ഐ.എ 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. എന്‍.ഐഎയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫോണ്‍ നമ്പര്‍ മുഖേനയുമാണ് വിവരങ്ങള്‍ കൈമാറേണ്ടത്.

ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള ഇസ്രായേല്‍ എംബസിക്ക് സമീപം നടന്ന ചെറിയ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. അതേ സമയം ഉയര്‍ന്ന സുരക്ഷമേഖലയിലാണ് ഇത്തരത്തിലൊരു സ്‌ഫോടനം നടന്നതെന്നും കാറുകളുടെ ചില്ലുകള്‍ക്ക് കേടുപാട് സംഭവിച്ചെന്നും അധികൃതര്‍ അറിയിച്ചിരുന്നു.