ഇസ്‌ലമാബാദ്: പാക് ചാരസംഘടനയായ ഐ.എസ്.ഐ ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെന്ന് പാക് ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥന്‍ മാലിക് മുക്താര്‍. ഇത് സംബന്ധിച്ച്  മാലിക്ക് ഇസ്‌ലമാബാദ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഭീകരരെ സംരക്ഷിക്കുന്നതായി ചൂണ്ടിക്കാട്ടിയത്. 

ഇതുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം ഉണ്ടാവണമെന്നും മാലിക് കോടതിയില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. താന്‍ 2007 ല്‍ ആണ് ഇന്റലിജന്‍സ് ബ്യൂറോയില്‍ അംഗമായത്. അതിന് ശേഷം ഉസ്ബക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ എന്നിവിടങ്ങളിലെല്ലാം ബന്ധമുള്ള ഭീകരവാദികളെ കുറിച്ച് താന്‍ റിപ്പോര്‍ട്ട് നല്‍കിയെന്നും പക്ഷെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും മാലിക് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ചില ഉദ്യോഗസ്ഥര്‍ക്ക് ഭീകരവാദ ഗ്രൂപ്പുകളുമായി നേരിട്ട് ബന്ധമുണ്ട്. ഇക്കാര്യം ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ ജനറലിനെ അറിയിച്ചിരുന്നു. പക്ഷെ അദ്ദേഹവും നടപടിയെടുക്കാന്‍ താല്‍പര്യമെടുത്തില്ല. ചില ഐ.ബി ഉദ്യോഗസ്ഥര്‍ ഇസ്രയേലില്‍ പോയിട്ടുണ്ട്‌. അഫ്ഗാന്‍ ഇന്റലിജന്‍സ് ബ്യുറോയുമായും ബന്ധപ്പെട്ടുണ്ട്. 

അഫ്ഗാന്‍ ഇന്റലിജന്‍സ് ബ്യുറോയ്ക്കും ഭീകരവാദ ഗ്രൂപ്പുമായി ബന്ധമുണ്ട്. ഇത്തരം ഭീകരവാദ ഗ്രൂപ്പുകള്‍ നമ്മളെ  വഞ്ചിക്കുകയാണെന്നും മാലിക് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പഞ്ചാബിലെ ഐ.ബി ജോയിന്റ് ഡയറക്ടറുടെ മകന് ഭീകരവാദ ഗ്രുപ്പുമായി ബന്ധമുണ്ടെന്ന കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് സൂചന. പാക് ഔദ്യോഗിക മാധ്യമമായ ഡോണ്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. 

പാകിസ്താന്‍ ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്ന കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജിന്റെ യു.എന്‍ പൊതുസഭയിലെ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യയുമായി ചര്‍ച്ച നടത്തണമെങ്കില്‍ ഇന്ത്യ പാകിസ്താനെതിരെ സ്ഥിരമായി ഉന്നയിക്കുന്ന ഈ ആരോപണം പിന്‍വലിക്കാന്‍ തയ്യാറാവണമെന്ന് പാകിസ്താനും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഭീകരരെ സംരക്ഷിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി പാക് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ തന്നെ രംഗത്തെത്തിയത്.