ന്യൂഡല്‍ഹി: ഐഎസ് പ്രവര്‍ത്തകന്‍ ഡല്‍ഹിയില്‍ അറസ്റ്റിലായി. കഴിഞ്ഞ രാത്രിയുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. 

അബു യൂസഫ് എന്നയാളെയാണ് വെള്ളിയാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിനൊടുവില്‍ ഡല്‍ഹി പോലീസിലെ സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്.

പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി ഡല്‍ഹി പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. ഒരു തോക്കും പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. 

തലസ്ഥാനത്തെ പല സ്ഥലങ്ങളും അബു യൂസഫ് സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവിടങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. ഇതേക്കുറിച്ച്  കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

അബു യൂസഫിന്റെ അറസ്റ്റിന് പിന്നാലെ ഡല്‍ഹി ബുദ്ധ ജയന്തി പാര്‍ക്കിന് സമീപം എന്‍എസ്ജിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

ഐഎസുമായി ബന്ധമുള്ളതിന്റെ പേരില്‍ ഒരു ഡോക്ടര്‍ കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും ഐഎസ് പ്രവര്‍ത്തകന്റെ അറസ്റ്റുണ്ടായിരിക്കുന്നത്.

Content Highlight: ISIS worker arrested In Delhi