ന്യൂഡല്‍ഹി:  ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികളായ നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റ്യനും. തിരികെയെത്തിയാല്‍ തങ്ങള്‍ ശിക്ഷിക്കപ്പെടുമോയെന്ന ഭയമുണ്ടെന്നും ജയിലിലടക്കില്ലെങ്കില്‍ അമ്മയെ കാണാന്‍ വരണമെന്നുണ്ടെന്നും നിമിഷ ഫാത്തിമ പറയുന്നു. ഐഎസില്‍ ഉണ്ടായിരുന്ന പ്രതീക്ഷ ഇപ്പോഴില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും സോണിയ പറയുന്നു. 

2017ലാണ് തിരുവനന്തപുരത്തുനിന്നും കാസര്‍കോടുനിന്നും നിമിഷയും സോണിയയും ഐഎസില്‍ ചേരാനായി ഭര്‍ത്താക്കന്മാര്‍ക്കൊപ്പം രാജ്യം വിട്ടത്. ഇതിന് ശേഷം ഇതാദ്യമായാണ് ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

രണ്ടുപേരുടെയും ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ഇരുവരും സ്ഥിരീകരിക്കുന്നു. ശിക്ഷിക്കപ്പെടുകയില്ലെങ്കില്‍ നാട്ടിലെത്താന്‍ ആഗ്രഹമുണ്ടെന്നാണ് ഇരുവരും പറയുന്നത്. 

ഇസ്ലാമായി ജീവിക്കുന്നതിനാണ് തങ്ങള്‍ ഐ.എസില്‍ ചേര്‍ന്ന് അഫ്ഗാനിസ്താനിലേക്ക് പോയത്. എന്നാല്‍ ആ പ്രതീക്ഷകള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നു. ഇനി ഐഎസിലേക്കൊരു മടക്കയാത്രയില്ലെന്ന് ഇരുവരും വ്യക്തമാക്കുന്നു. 

ഇവര്‍ രാജ്യംവിട്ട കേസ് എന്‍ഐഎ ആണ് അന്വേഷിക്കുന്നത്. അതിനാല്‍ തുടര്‍ നടപടികള്‍ എന്തൊക്കെയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 

ഇവര്‍ അഫ്ഗാന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങിയെന്ന് വിവരങ്ങള്‍ വന്നിരുന്നു. എന്നാല്‍ അതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. ഇതിനിടെയാണ് ഇവരുടെ പ്രതികരണങ്ങള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

Content Highlights: ISIS widows Nimisha and Sonia wants to return to India