ന്യൂഡല്‍ഹി: ഐഎസ് ബന്ധമുള്ള മൂന്ന് മലയാളികള്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍, കണ്ണൂര്‍ സ്വദേശി മുഷബ് അന്‍വര്‍, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം. ഡല്‍ഹിയിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായവര്‍ക്കെതിരേയാണ് കുറ്റപത്രം. സമൂഹ മാധ്യമങ്ങളിലൂടെ പ്രതികള്‍ ഐഎസ് പ്രചാരണം നടത്തിയെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. മുസ്ലീം യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതികള്‍ നടത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.  

പ്രതികള്‍ക്ക് ഐഎസ്‌ഐഎസുമായി ബന്ധമുണ്ട്. അമീന്‍ കശ്മീരില്‍ ഐഎസ് ആശയപ്രചാരണത്തിനായി ശ്രമിക്കുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇതിനായുള്ള പണം കണ്ടെത്തി നല്‍കിയത് റഹീസ് റഷീദ് ആയിരുന്നു. കശ്മീര്‍ സ്വദേശിയായ മുഹമ്മദ് വക്കാറുമായി ചേര്‍ന്ന് പ്രതികള്‍ പ്രവര്‍ത്തിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

content highlights: ISIS connection, NIA charge sheet against three Malayalees