ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ഭീകരരെ കടത്തിവിടാന്‍ പുതിയ മാര്‍ഗങ്ങള്‍ പാക് ചാരസംഘടന ഐ.എസ്.ഐ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. കശ്മീരില്‍ നിയന്ത്രണരേഖ മറികടന്ന് ഭീകരരെ ഇന്ത്യയ്‌ലേക്ക് കടത്തുന്നതിന് പകരം ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തികള്‍ പ്രയോജനപ്പെടുത്താനാണ് ഐ.എസ്.ഐ ശ്രമിക്കുന്നതെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

മ്യാന്‍മര്‍-തായ്‌ലന്‍ഡ് അതിര്‍ത്തിയില്‍ പുതിയ ടെറര്‍ ലോഞ്ച് പാഡ് തയ്യാറാക്കാന്‍ ഐ.എസ്.ഐ ശ്രമിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ ഇന്ത്യന്‍ സൈന്യം ആക്രമണവും പ്രതിരോധവും ശക്തമാക്കിയതാണ് പുതിയ പരീക്ഷണത്തിന് പിന്നില്‍. ഇന്ത്യാ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍

  • തായ്‌ലന്‍ഡ്- മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള മെയ് സോട്ടിലാണ് പുതിയ ഭീകരക്യാമ്പ് തയ്യാറാക്കിയിരിക്കുന്നത്.
  • താലിബാന്‍ ഭീകരരെ ഉപയോഗിച്ച് റോഹിന്‍ഗ്യ മുസ്ലീങ്ങളെ ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് പരിശീലിപ്പിക്കുകയാണ് ലക്ഷ്യം.
  • ഇന്ത്യയിലും ബംഗ്ലാദേശിലും ആക്രമണം നടത്തുകയാണ് ഉദ്ദേശ്യം.
  • ഒരു മാസം മുമ്പാണ് പുതിയ ഭീകര ക്യാമ്പിനെ പറ്റിയുള്ള വിവരങ്ങള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ലഭിച്ചത്. 
  • പാക് വംശജനും റോഹിന്‍ഗ്യ മുംസ്ലിം വിഭാഗക്കാരനുമായ പാക് താലിബാന്‍ നേതാവ് മൗലാന അബ്ദുള്‍ കുദ്ദുസാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
  • ഇയാളും ലഷ്‌കര്‍ ഇ തോയ്ബ സ്ഥാപകന്‍ ഹാഫിസ് സയിദും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടാകാമെന്ന് ഇന്റലിജന്‍സ് പറയുന്നു.