ന്യൂഡല്‍ഹി: ഇന്ത്യയില്‍ ട്രെയിന്‍ അട്ടിമറി നടത്താനുള്ള പദ്ധതിയിൽ സഹകരിക്കാത്തതിനെത്തുടർന്ന് രണ്ട് ഇന്ത്യക്കാരെ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. അരുണ്‍, ദീപക് റാം എന്നിവരെയാണ് വാടക കൊലയാളിയെ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടുചെയ്തു. 

ബീഹാറിലെ ഗോരസഹനില്‍ റെയില്‍ പാളത്തില്‍ സ്‌ഫോടനം നടത്താനുള്ള ഐഎസ്‌ഐയുടെ പദ്ധതി നടക്കാതെപോയതിനെ തുടര്‍ന്ന് അരുണിനെയും ദീപകിനെയും ബ്രാജ്കിഷോര്‍ ഗിരി എന്നയാളെ നിയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. ഐഎസ്‌ഐയ്ക്കു വേണ്ടി ഷംസുല്‍ ഹോഡ എന്നയാളുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു ഇത്. നേപ്പാളില്‍ വെച്ചാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ശബ്ദരേഖ ബ്രാജ്കിഷോര്‍ ഹോഡയ്ക്ക് നല്‍കുകയും ചെയ്തിരുന്നു.

ഒക്ടോബര്‍ ഒന്നിന് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ അവസാന നിമിഷം ഇവര്‍ ഇതില്‍നിന്ന് പിന്‍മാറിയതാണ് പദ്ധതി പൊളിയാന്‍ കാരണമായത്. ഇവര്‍ റെയില്‍ പാളത്തില്‍ വെച്ച സ്‌ഫോടകവസ്തുക്കള്‍ പോലീസ് കണ്ടെത്തി. ഇത് ഹോഡയെ പ്രകോപിതനാക്കുകയും ഇവരെ കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചിരിക്കുന്ന വിവരം. 

150 പേരുടെ മരണത്തിന് ഇടയാക്കിയ ഇന്‍ഡോര്‍-പാറ്റ്‌ന എസ്പ്രസ് അട്ടിമറിയ്ക്കു പിന്നിലും ഐഎസ്‌ഐ ആണെന്ന് അടുത്തിടെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. അരുണിന്റെയും ദീപക്കിന്റെയും കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഈ ട്രയിന്‍ അട്ടിമറിയില്‍ ഐഎസ്‌ഐയ്ക്ക് ബന്ധമുള്ളതായുള്ള സൂചന നല്‍കിയത്.

ട്രയിന്‍ അട്ടിമറിയിലൂടെ ഇന്ത്യയില്‍ വന്‍തോതില്‍ കൊലപാതകങ്ങള്‍ നടത്താന്‍ ഐഎസ്‌ഐ പദ്ധതി തയ്യാറാക്കിയതായും രഹസ്യന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.