ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പുതിയ വിഘടനവാദി ഗ്രൂപ്പിന് പാകിസ്താന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ തോയ്ബയിലെ ഭീകരരെയും പഴയ വിഘടനവാദി ഗ്രൂപ്പുകളിലെ ചിലരെയും കൂട്ടിച്ചേര്‍ത്ത് പുതിയ ഗ്രൂപ്പിന് രൂപം നല്‍കിയത് പാക് ചാരസംഘടനയായ ഐഎസ്‌ഐ ആണെന്നാണ് റിപ്പോര്‍ട്ട്‌.  ലഷ്‌കര്‍ ഇ തോയ്ബയിലെ മുന്‍ ഭീകരനായ ഇര്‍ഷാദ് അഹമ്മജദ് മാലിക് ആണ് പുതിയ ഗ്രൂപ്പിന്റെ തലവനെന്നും സീ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്‍ഐഎ, ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നവരെ കണ്ടെത്തി പിടികൂടാനുള്ള നടപടികള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നടപ്പിലാക്കിയിരുന്നു. കശ്മീരിലെ ഭീകരര്‍ക്ക് ആവശ്യമായ ഫണ്ട് ലഭിക്കാതിരിക്കാന്‍ ഇത് ഇടയാക്കി. നടപടികള്‍ കടുപ്പിച്ചതോടെ ഭീകരവാദികളെ നേരിടുന്നതില്‍ സുരക്ഷാ സേനയ്ക്ക് സാഹചര്യങ്ങള്‍ അനുകൂലമായി

നിലവിലുള്ള വിഘടനവാദികളില്‍ പ്രമുഖര്‍ ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായിരുന്നു. ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ വിഘടനവാദ ഗ്രൂപ്പിന് പാകിസ്താന്‍ രൂപം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനില്‍ നിന്ന് വിഘടനവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടായിരുന്നുവെന്നും ഇവര്‍ വഴിയാണ് ഭീകരസംഘടനകള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ലഭിച്ചിരുന്നതെന്നും ആഭ്യന്തര മന്ത്രാലയ അധികൃതരെ ഉദ്ധരിച്ച്‌ സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Content Highligts: ISI creating new separatist group in J&K