ന്യൂഡല്‍ഹി: ഭീകരവാദ വിഷയത്തില്‍ ആഗോള തലത്തില്‍ ഇന്ത്യ നടത്തുന്ന ഇടപെടലുകള്‍ പാകിസ്താനിലെ പ്രധാനപ്പെട്ട ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ പാകിസ്താനില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ചെറിയ ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ പാക് ചാര ഏജന്‍സിയായ ഐഎസ്‌ഐ നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്ത്യയുടെ നീക്കങ്ങളെ തുടര്‍ന്ന് ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് മേല്‍ നടപടിയെടുക്കാന്‍ പാകിസ്താന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇതേതുടര്‍ന്ന് ദീര്‍ഘകാലമായി പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ഭീകരവാദ സംഘടനകളെയാണ് ഐഎസ്‌ഐ നോട്ടമിട്ടിരിക്കുന്നത്. 

സിപാ ഇ സഹാബ, ജെയ്ഷ് ഉള്‍ അദില്‍, ലഷ്‌കര്‍ ഇ ഒമര്‍, അല്‍  ബാദര്‍, ലഷ്‌കര്‍ ഇ ജാങ്ഗ്വി, തെഹ്‌രീക് ഉള്‍ മുജാഹിദീന്‍, അല്‍ ഉമര്‍ മുജാഹിദീന്‍ തുടങ്ങിയ ഭീകരസംഘടനകളുമായി ഐഎസ്‌ഐ ബന്ധപ്പെടുന്നുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാലകോട്ടെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരായ തന്ത്രങ്ങളില്‍ പാകിസ്താന്‍ മാറ്റം വരുത്തുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് പുതിയ ഭീകരസംഘടനകളുമായി ഐഎസ്‌ഐ കൂട്ടുകൂടാന്‍ തയ്യാറെടുക്കുന്നതെന്നാണ് വിവരം. 

ബാലകോട്ട് ആക്രമണത്തിന് പിന്നാലെ പാകിസ്താന് മേല്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ പാകിസ്താന്‍ ഉള്‍പ്പെടാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്തതോടെ ലഷ്‌കര്‍ ഇ തോയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ മുഖംമിനുക്കല്‍ നടപടികളെടുത്തിരുന്നു. ഇതിന്റെ മറവിലാണ് പുതിയ കൂട്ടുകെട്ടുകള്‍ക്ക് ഐഎസ്‌ഐ തയ്യാറാകുന്നത്. 

Content Highlights: ISI, Pakistan, Terrorism, India