കൊങ്കുനാട് വാർത്തയുമായി ഇറങ്ങിയ ദിനമലർ പത്രം
2021 ജൂലൈ പത്ത്. തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ദിനപ്പത്രങ്ങളിലൊന്നായ ദിനമലരിന്റെ ആദ്യ പേജിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയുടെ തലക്കെട്ട് 'കൊങ്കുനാട്' എന്നായിരുന്നു. അതുവരെ ചിന്തിക്കുക പോലും ചെയ്യാത്ത ഒന്നിന്റെ തുടക്കം എന്ന് ഈ തലക്കെട്ടിനെ വിശേഷിപ്പിക്കാം. തമിഴ്നാടിനെ രണ്ട് സംസ്ഥാനമായി വിഭജിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ എടുക്കുന്നു എന്നാണ് ആ വാര്‍ത്തയുടെ ഉള്ളടക്കം. തമിഴകം പിന്നീട് കണ്ടത് ഈ വാര്‍ത്ത ചര്‍ച്ചയും പ്രതിഷേധവും പ്രസ്താവനയും വാദപ്രതിവാദങ്ങളുമായി മാറുന്നതാണ്.
ഈ വാര്‍ത്ത ദിനമലര്‍ പ്രസിദ്ധീകരിക്കുന്നതിന് ദിവസങ്ങള്‍ മാത്രം മുന്‍പ് കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍നിന്ന് കേന്ദ്ര സഹമന്ത്രിയായത് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകന്. മുരുകന്റെ സംസ്ഥാനം തമിഴ്നാടും സ്ഥലം കൊങ്കുനാടുമെന്ന് വാര്‍ത്താക്കുറിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍ പരാമര്‍ശിച്ചതാണ് മറ്റൊരു സംഭവം. തമിഴ്നാട്ടിലെ ഒരു രേഖകളിലും ഇല്ലാത്ത ഒരിടത്തിന്റെയും ഔദ്യോഗിക പേരല്ലാത്ത ഒന്നിനെ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാക്കി അവതരിപ്പിക്കുകയാണ് ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും അന്ന് ചെയതത്.
കൊങ്കുനാടെന്ന നാട്
കൊങ്കുനാട് എന്ന പേരില്‍ ഒരു സ്ഥലവും തമിഴ്നാട്ടിലില്ല. കേരളത്തില്‍ മലബാര്‍ അല്ലെങ്കില്‍ മധ്യ തിരുവിതാംകൂര്‍ എന്നെല്ലാം പറയുംപോലെ പ്രത്യേക മേഖലയെ ചൂണ്ടിക്കാണിക്കാന്‍ പൊതുവേ ഉപയോഗിച്ചു പോരുന്ന പേരാണിത്. തമിഴ്നാടിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഏഴ് ജില്ലകള്‍ പൂര്‍ണമായും രണ്ട് ജില്ലകളുടെ ചില ഭാഗവും കൂടിച്ചേരുന്ന പ്രദേശം. കേരളത്തോടും കര്‍ണാടകയോടും അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണ് ഇതില്‍ കൂടുതലും. കോയമ്പത്തൂര്‍, നീലഗിരി, തിരുപ്പൂര്‍, ഈറോഡ്, സേലം, കരൂര്‍, നാമക്കല്‍ എന്നീ ജില്ലകളും ദിണ്ടിഗലിലേയും ധര്‍മപുരിയിലേയും കുറച്ച് ഭാഗവും കൊങ്കുനാടായി പരിഗണിക്കുന്നു.
ആദ്യകാല തമിഴ് സാഹിത്യത്തില്‍ ഇപ്പോഴത്തെ തമിഴ്നാടിനെ അഞ്ച് ഭാഗങ്ങളായി തിരിക്കുന്നുണ്ട്. അതിലൊന്നാണ് കൊങ്കുനാട്. തമിഴ്നാട്ടിലെ ഒരു പ്രധാന ജാതി വിഭാഗമായ ഗൗണ്ടര്‍മാര്‍ ഏറെയുള്ള പ്രദേശമാണിത്. അണ്ണാ ഡി.എം.കെയ്ക്ക് വലിയ സ്വാധീനമുള്ള മേഖല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഈ മേഖല പൂര്‍ണമായും ഡി.എം.കെ സഖ്യത്തിനൊപ്പം നിന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെയോടാണ് അനുഭാവം പുലര്‍ത്തിയത്. അണ്ണാ ഡി.എം.കെയ്ക്ക് മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞ ഏക മേഖലയും ഇത് തന്നെ എന്ന് വിലയിരുത്താം. അണ്ണാ ഡി.എം.കെയ്ക്ക് ഒപ്പം മത്സരിച്ച ബി.ജെ.പിക്കും ഈ മേഖലയില്‍നിന്ന് രണ്ട് സീറ്റ് ലഭിച്ചു.
കൊങ്കുനാട് എന്ന പേരില്‍ പുതിയ സംസ്ഥാനം വേണമെന്ന് ഒരാളും ഇന്നുവരെ തമിഴ്നാട്ടില്‍നിന്ന് ആവശ്യം ഉന്നയിച്ചിട്ടില്ല. ഒരു സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഒരു പത്രക്കുറിപ്പും ഒരു ദിനപ്പത്രത്തിലെ വാര്‍ത്തയും മാത്രമേ തമിഴര്‍ക്ക് മുന്നില്‍ കൊങ്കുനാടിനെ അവതരിപ്പിച്ചിട്ടുള്ളു.

കൊങ്കുനാടെന്ന സമ്പന്നനാട്
തമിഴ്നാട്ടിലെ ആഭ്യന്തര വരുമാനത്തിന്റെ വലിയ പങ്ക് കൊങ്കുനാട് മേഖലയിലെ ജില്ലകളില്‍നിന്നാണ്. പ്രധാനപ്പെട്ട വ്യാപാര വ്യവസായശാലകള്‍ ഈ ജില്ലകളിലുണ്ട്. പ്രത്യേകിച്ച് നാമക്കലിലും സേലത്തും കോയമ്പത്തൂരും തിരുപ്പൂരും. ഒപ്പം കാര്‍ഷികകേന്ദ്രം കൂടിയാണ് ഈ പ്രദേശങ്ങള്‍. സര്‍ക്കാരിന് വലിയ വരുമാനമുമുണ്ടാക്കി കൊടുക്കുന്ന ഈ മേഖല സംഘര്‍ഷ സാഹചര്യത്തിലേക്ക് കൂപ്പുകുത്താന്‍ ഡി.എം.കെ. ആഗ്രഹിക്കുന്നില്ല.
വാര്‍ത്തയോടുള്ള പ്രതികരണം
കൊങ്കുനാട് എന്ന പേരില്‍ പുതിയ സംസ്ഥാനം വരാന്‍ സാധ്യതയെന്ന വാര്‍ത്തയെ ക്ഷോഭത്തോടെയാണ് തമിഴ് സംഘടനകള്‍ എതിരിട്ടത്. നേരം വെളുത്തത് മുതല്‍ ദിനമലര്‍ പത്രത്തിന്റെ കോപ്പികളുമായി ആളുകള്‍ നിരത്തിലിറങ്ങി. മുദ്രാവാക്യം വിളികളുമായി പത്രം കൂട്ടത്തോടെ കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോയമ്പത്തൂരിലും കരൂരും തിരുപ്പൂരുമെല്ലാം കണ്ടു.
തീവ്ര തമിഴ് വാദത്തിന് പേരുകേട്ട വൈക്കോയുടെ എം.ഡി.എം.കെ. വലിയ പ്രതിഷേധം ഉയര്‍ത്തി. എന്നാല്‍ ആദ്യദിവസം പ്രധാന രാഷ്ട്രീയ നേതാക്കളാരും ഈ വിഷയത്തോട് പ്രതികരിച്ചില്ല. പക്ഷേ, എല്ലാ പാര്‍ട്ടികളുടേയും അണികള്‍ സമൂഹ മാധ്യമങ്ങളിലേയും പുറത്തേയും ചര്‍ച്ചകളില്‍ നിറഞ്ഞു. ട്വിറ്ററില്‍ 'കൊങ്കുനാട്' ട്രെന്‍ഡിങ്ങായിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊങ്കുനാടിനായി വാദിച്ചപ്പോള്‍ ചില അണ്ണാ ഡി.എം.കെ. അനുകൂലികളും അവര്‍ക്കൊപ്പം കൂടി. എന്നാല്‍ ഡി.എം.കെ. സഖ്യകക്ഷിയിലെ പാര്‍ട്ടി പ്രവര്‍ത്തകരും തമിഴ് സംഘടനകളും അതിനെ പ്രതിരോധിച്ചു.
അത് ദിവാസ്വപ്നം
വിഭജനമെന്ന പ്രചാരണത്തില്‍ കനിമൊഴി എം.പി. നടത്തിയ പ്രതികരണത്തോടെ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വം ഉണരുന്നതാണ് പിന്നീട് കണ്ടത്. ''ആ സ്വപ്നം നടക്കാന്‍ പോകുന്നില്ല. തമിഴ്നാടിനെ കാത്തു സംരക്ഷിക്കാന്‍ കെല്‍പ്പുള്ള ഒരു ഭരണകൂടം ഇവിടെയുണ്ട്'' എന്ന് കനിമൊഴി പറഞ്ഞു. ഒപ്പം ഒരു കാര്യം കൂടി 'ഒട്രിയം അരശിനെ ഒട്രിയം അരശ് എന്ന് തന്നെ വിളിക്കും'. അതായത് യൂണിയന് സര്‍ക്കാരിനെ യൂണിയന് സര്‍ക്കാര്‍ എന്നുതന്നെ വിളിക്കുമെന്ന്. ഈ വിളിയെക്കുറിച്ച് വിശദമായി പിന്നീട് പറയാം.
കനിമൊഴിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ നേതാക്കള്‍ രംഗത്തു വന്നു. വിഭജനത്തിന് ഒരിക്കലും സമ്മിതിക്കില്ലെന്നാണ് അണ്ണാ ഡി.എം.കെ. വിമതനും അമ്മാ മക്കള്‍ മുന്നേറ്റ കഴകം നേതാവുമായ ടി.ടി.വി. ദിനകരന് പ്രതികരിച്ചത്. തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് ഇങ്ങനെ ഒരു ആവശ്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
ആ ശ്രമം നടക്കില്ലെന്ന് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ്. അഴഗിരി. തമിഴ്നാട്ടില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട ബി.ജെ.പി. പിന്‍വാതിലിലൂടെ പ്രവേശിക്കാന്‍ നടത്തുന്ന ശ്രമം അപകടകരമെന്ന് സി.പി.എം. ഈ തന്ത്രം തമിഴ്നാട്ടില്‍ നടക്കില്ലെന്ന് തിരുമാവളവന് എം.പിയും പറഞ്ഞു. തമിഴ്നാടിനെ വിഭജിക്കാന്‍ ശ്രമമെന്ന പ്രചാരണത്തെ അണ്ണാ ഡി.എം.കെ. നേതാവ് കെ.പി. മുനിസ്വാമിയും തള്ളിക്കളഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്, മുന്‍ മുഖ്യമന്ത്രിമാരായ എടപ്പാടി പളനിസ്വാമി, ഒ. പനീര്‍സെല്‍വം എന്നിവര്‍ ഈ സമയം വരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. പ്രതികരണം നടത്തി ഈ വിഷയത്തിന് അനാവശ്യശ്രദ്ധ കൊടുക്കേണ്ട എന്ന നിലപാടിലാണ് സംസ്ഥാനത്തെ ഈ മുതിര്‍ന്ന നേതാക്കള്‍ എന്ന് വിലയിരുത്തപ്പെടുന്നു.
പൊതുവേ രാഷ്ട്രീയ വിഷയങ്ങളില്‍ നിലപാട് പറയാറുള്ള തമിഴ് സിനിമാ താരങ്ങളും അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല. അത്ര വലിയൊരു വിഷയമായി വിഭജനം ഉയര്‍ന്നു വന്നിട്ടില്ല എന്നത് തന്നെ കാരണം. യുക്തി രഹിതമായ ചര്‍ച്ചയാണ് നടക്കുന്നത് എന്ന് പെരുമാള്‍ മുരുകന് അഭിപ്രായപ്പെട്ടു.
കൊങ്കുനാടും ബി.ജെ.പിയും
ഇന്ത്യയില്‍ ബി.ജെ.പി. ചുവടുറപ്പിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്ന സംസ്ഥാനം ഏത് എന്ന് ചോദിച്ചാല്‍ അതിന്റെ ആദ്യ ഉത്തരം തമിഴ്നാടാണ്. അണ്ണാ ഡി.എം.കെ. എന്ന പ്രബല പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ട് പോലും നാല് സീറ്റില്‍ മാത്രമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വിജയിക്കാനായത്. എന്നാല്‍ 15 വര്‍ഷത്തിന് ശേഷം തമിഴ്നാട് നിയമസഭയില്‍ അംഗങ്ങളുണ്ടായി എന്നത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ കാര്യവുമാണ്.
ആകെയുള്ള നാല് എം.എല്‍.എമാരില്‍ രണ്ട് പേര് കൊങ്കുനാട് മേഖലയില്‍നിന്നാണ്. കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ഹാസനെ തോല്‍പ്പിച്ച വാനതി ശ്രീനിവാസന് മഹിളാ മോര്‍ച്ചയുടെ അഖിലേന്ത്യാ പ്രസിഡന്റ്. മറ്റൊരു എം.എല്‍.എ. സരസ്വതി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയും പുതിയ കേന്ദ്രമന്ത്രി എല്‍. മുരുകനും കൊങ്കുനാട് മേഖലയില്‍ നിന്നുള്ളവര്‍.
ബി.ജെ.പിക്ക് തമിഴ്നാട്ടില്‍ കുറച്ചെങ്കിലും സ്വാധീനമുള്ളത് കോയമ്പത്തൂരിലാണ്. കോയമ്പത്തൂര്‍ തലസ്ഥാനമായി പുതിയ സംസ്ഥാനമെന്ന വാദം ബി.ജെ.പി. ഉയര്‍ത്തിക്കൊണ്ടു വരുന്നത് ആ ഭാഗത്തെ പാര്‍ട്ടി വളര്‍ച്ചയ്ക്ക് വേണ്ടിയാണ് എന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.
പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ടാലുള്ള സാധ്യതകള്‍ വിശദീകരിച്ച് വോട്ട് ബാങ്കുകള്‍ രൂപീകരിക്കാമെന്നും ആന്തരിക പ്രശ്നങ്ങള്‍ അലട്ടുന്ന അണ്ണാ ഡി.എം.കെയില്‍നിന്ന് ഗൗണ്ടര്‍ വിഭാഗത്തെ ഒപ്പം കൂട്ടാമെന്നും ബി.ജെ.പി. കണക്ക് കൂട്ടുന്നുണ്ടാവണം. അധികാരത്തോട് എപ്പോഴും ഒട്ടി നിന്നിരുന്ന ഗൗണ്ടര്‍ വിഭാഗത്തിന് ഡി.എം.കെയെക്കാള്‍ താല്പര്യം അണ്ണാ ഡി.എം.കെയെ ആണ്. ചുരുക്കത്തില്‍ പുതിയ സംസ്ഥാനം രൂപീകരിക്കപ്പെട്ടില്ലെങ്കിലും അണ്ണാ ഡി.എം.കെയില്‍നിന്ന് വഴുതി മാറാനിടയുള്ള ഗൗണ്ടര്‍ വോട്ടുകള്‍ ഉറപ്പിക്കാം എന്ന് ബി.ജെ.പി. സ്വപ്നം കാണുന്നു.
ഒരു ബി.ജെ.പി. നേതാവും പുതിയ സംസ്ഥാനമെന്ന ചര്‍ച്ചയ്ക്കെതിരെ സംസാരിച്ചിട്ടില്ല. 'ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അത് നടക്കട്ടെ' എന്ന പ്രതികരണമാണ് കരു നാഗേന്ദ്രന് എന്ന ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി നടത്തിയത്. ആന്ധ്ര വിഭജിച്ച് തെലങ്കാന രൂപീകരിച്ച കാര്യം കൂടി നാഗേന്ദ്രന് സൂചിപ്പിച്ചു. എല്‍. മുരുകനും അണ്ണാമലൈയും ഇതുവരെ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.
അടി, തിരിച്ചടി
നമ്മള് 'കേന്ദ്ര സര്‍ക്കാര്‍' എന്ന് പ്രയോഗിക്കുന്ന പോലെ തമിഴ്നാട്ടുകാര്‍ 'മത്തിയ അരശ്' എന്നാണ് ഡി.എം.കെ. സര്‍ക്കാര്‍ അധികാരത്തില്‍ വരുംവരെ പ്രയോഗിച്ചത്. എന്നാല്‍ സ്റ്റാലിനും സംഘവും അതിലൊരു മാറ്റം വരുത്തി. എല്ലാത്തിന്റേയും കേന്ദ്രമല്ല, ലോക്സഭയിലെ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ എന്ന് വ്യക്തമാക്കി സ്റ്റാലിന്.
പകരം എല്ലാത്തിനേയും കൂട്ടിയോജിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ 'യൂണിയന്' എന്ന വാക്ക് തമിഴില്‍ 'ഒട്രിയം' എന്ന് പ്രയോഗിച്ചു. സര്‍ക്കാര്‍ രേഖകളിലും അത് അങ്ങനെയാക്കി മാറ്റി. ഈ പ്രയോഗത്തെ ന്യായീകരിക്കാന്‍ ഭരണഘടന തന്നെ സ്റ്റാലിന് ഉയര്‍ത്തിക്കാട്ടി. നിയമസഭയില്‍ ബി.ജെ.പി. എം.എല്‍.എമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോഴും സ്റ്റാലിന് ഉറച്ചു നിന്നു. മദ്രാസ് ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് അനുകൂലമായ വിധിയും ലഭിച്ചു. രാഷ്ട്രീയമായി വലിയ മാനം വരുന്ന ഈ ഇടപെടല്‍ ബി.ജെ.പിക്ക് അലോസരം സൃഷ്ടിച്ചിരുന്നു.
അവര്‍ 'ഒട്രിയം' എന്ന് വിളിക്കുന്നത് പോലെ ഞങ്ങള്‍ കൊങ്കുനാട് എന്ന് വിശേഷിപ്പിക്കുന്നു എന്ന ബി.ജെ.പി. നേതാക്കളുടെ പ്രസ്താവന ഇപ്പോഴത്തെ കൊങ്കുനാട് വിവാദത്തിന്റെ അടിസ്ഥാനം എന്ത് എന്ന് വ്യക്തമാക്കുന്നു. ഡി.എ.ംകെയുടെ അടിക്കുള്ള തിരിച്ചടി.
ഭാവി
തമിഴിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നുവെന്ന തോന്നല്‍ ജനതയ്ക്കുണ്ടായപ്പോള് അതൊരു വലിയ പ്രക്ഷോഭമായി പൊട്ടിപ്പുറപ്പെടുകയും നിരവധി പേര് ഭാഷയ്ക്ക് വേണ്ടി പൊരുതി മരിക്കുകയും ചെയ്ത് മണ്ണാണ് തമിഴ്നാടിന്റേത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭമെന്ന് ചരിത്രം ആ സമരത്തെ അടയാളപ്പെടുത്തി. ആ പ്രക്ഷോഭത്തില്‍ ഒഴുകിപ്പോയ കോണ്‍ഗ്രസ് ഇന്നും തമിഴ്നാട് രാഷ്ട്രീയത്തിന്റെ കോണുകളില്‍ മാത്രമാണ്.
'കൊങ്കുനാട്' കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടേയും 'തമിഴ്നാട് പദ്ധതിയാണ്' എങ്കില്‍ പൗരത്വ നിയമ ഭേദഗതിക്കും കര്‍ഷക സമരത്തിലും വലിയ പ്രക്ഷോഭത്തിന് രാജ്യത്തിന്റെ തെക്കേയറ്റം സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്. അറുപതുകളില്‍ കോണ്‍ഗ്രസാണ് ഒലിച്ചു പോയത് എങ്കില്‍ ആ സ്ഥാനത്ത് ഇത്തവണ അണ്ണാ ഡി.എം.കെ. ആയേക്കും. എന്തായാലും തമിഴ്നാട് വിഭജനം ഇനി മുതല്‍ പുതിയ ഒരു വിഷയമല്ല. അത് ചര്‍ച്ചയില്‍ വന്നു കഴിഞ്ഞു.
Content Highlights: Is Kongunadu a reality? Tamilnadu remembering fight against hindi language
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..