എൽജെപി പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം പുറത്തേക്ക് വരുന്ന പാർട്ടി പ്രസിഡന്റ് ചിരാഗ് പസ്വാൻ| Photo: PTI
പട്‌ന: ഒറ്റയ്ക്ക് മത്സരിക്കും, പക്ഷേ അത് ജെഡിയുവിനെതിരെ മാത്രം. ബിജെപിക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താതെയുള്ള ചിരാഗ് പാസ്വാന്റെയും എല്‍ജെപിയുടേയും നീക്കം രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ബിഹാറില്‍ നിതീഷ് കുമാറിനെ ക്ഷീണിപ്പിക്കാന്‍ എല്‍.ജെ.പിയെ മുന്‍നിര്‍ത്തി ബിജെപി കളിക്കുന്നതാണോ എന്ന സംശയമാണ് രാഷ്ട്രീയനിരീക്ഷകരും ഉന്നയിക്കുന്നത്.
ബിഹാറില്‍ നിതീഷ് കുമാറിന്റ അപ്രമാദിത്വം ഇഷ്ടപ്പെടാത്തവരാണ് എല്‍ജെപിയും ബിജെപിയും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എന്‍ഡിഎയുടെ ഭാഗമായ നിതീഷ് കുമാറിനെ മുന്‍നിര്‍ത്തിയല്ലാതെ ബിഹാറില്‍ ഭരണം പിടിക്കുക ബിജെപിക്ക് അസാധ്യമാണ്. സഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി നിതീഷ് തന്നെയായിരിക്കുമെന്ന് അമിത് ഷാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നടന്ന കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ തനിച്ച് മത്സരിക്കാനാണ് എല്‍ജെപി തീരുമാനമെടുത്ത്. ബിജെപിക്കെതിരെ മത്സരിക്കില്ലെന്നും ജെഡിയുവിന്റെ സ്ഥാനാര്‍ഥികള്‍ എവിടെയൊക്കെയുണ്ടൊ അവിടെയെല്ലാം സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നുമാണ് എല്‍.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം ബിജെപി- എല്‍ജെപി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും ചിരാഗ് പറയുന്നു. എല്‍ജെപിയുടെ നീക്കങ്ങളോട് ബിജെപി പുലര്‍ത്തുന്ന മൗനത്തെ ജെഡിയു സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
സംസ്ഥാനത്ത് നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തുമെന്നാണ് ബിജെപി പരസ്യമായി പറയുന്നത്. സഖ്യം വിടുന്നത് ജെഡിയുവുമായുള്ള ആശയപരമായ ഭിന്നത മൂലമാണെന്നും തങ്ങള്‍ക്ക് ബിജെപിയുമായി യാതൊരു പ്രശ്നവുമില്ലെന്നും എല്‍ജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നു.
ചിരാഗ് പസ്വാനാണ് ഇപ്പോള്‍ എല്‍ജെപിയുടെ നേതാവ്. ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്ക് നിര്‍ണായക സ്വാധീനവുമുണ്ട്. ചിരാഗിനെ മെരുക്കാന്‍ പഴയ എതിരാളിയും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയെ നിതീഷ് കുമാര്‍ സഖ്യത്തിന്റെ ഭാഗമാക്കി.
ദീര്‍ഘകാല സഖ്യകക്ഷിയായിരുന്ന എല്‍.ജെ.പിയുടെ വലിയ അവകാശവാദം അവഗണിച്ച് ബിജെപിയുമായി നേരിട്ട് സീറ്റ് ധാരണയിലെത്തുകയായിരുന്നു നിതീഷ് കുമാര്‍. ഇതുപ്രകാരം ആകെയുള്ള 243 സീറ്റില്‍ 122 എണ്ണം ജെഡിയുവിനും 121 എണ്ണം ബിജെപിക്കുമാണ്. ജിതന്‍ റാം മാഞ്ചിയുടെ പാര്‍ട്ടിക്ക് ജെഡിയുവിന്റെ സീറ്റുകളും എല്‍ജെപിക്ക് ആവശ്യമായ സീറ്റുകള്‍ ബിജെപിയും നല്‍കണമെന്നായിരുന്നു ധാരണം. 25 സീറ്റാണ് എല്‍ജെപിക്ക് നല്‍കിയ വാഗ്ദാനം.
ഇതാണ് എല്‍ജെപിയെ ചൊടിപ്പിച്ചത്. 2005ല്‍ ലാലുവിനെ വീഴ്ത്തിയ കളിയാണ് എല്‍ജെപി ആവര്‍ത്തിക്കുന്നത്. 2005ലെ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡക്കെതിരെ മാത്രം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതോടെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ നിലവില്‍ വന്നു. ജെഡിയുവിനെ എല്‍ജെപി പിന്തുണക്കുകയും നിതീഷ് അധികാരത്തിലെത്തുകയും ചെയ്തു.
എല്‍ജെപിയിലൂടെ നഷ്ടപ്പെടുന്ന ദളിത് വോട്ടുകള്‍ ജിതന്‍ റാം മാഞ്ചിയിലൂടെ നികത്താമെന്നാണ് നിതീഷ് കരുതുന്നത്.
എല്‍ജെപിയുടെ തീരുമാനത്തോടെ ബിഹാറിലെ രാഷ്ട്രീയ സാഹചര്യം പ്രവചനാതീതമായി മാറാനാണ് സാധ്യത. എല്‍ജെപി സ്ഥാനാര്‍ഥികള്‍ ജെഡിയു വോട്ടുകള്‍ ചോര്‍ത്തുമ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
Content Highlights: Is BJP Out To Oust Nitish Kumar? A Hint In Chirag Paswan's Go-Solo Move
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..