നോയിഡ: ആകാശത്തിലൂടെ പറന്ന ഭീമൻ ബലൂൺ ഗ്രേറ്റർ നോയിഡയിലെ ജനങ്ങൾക്ക് സമ്മാനിച്ചത് ആശങ്കയുടെ മണിക്കൂറുകൾ. കാർട്ടൂൺ കഥാപാത്രമായ അയൺമാന്റെ രൂപസാദൃശ്യമുള്ള ഭീമൻ ബലൂണാണ് ഗ്രേറ്റർ നോയിഡ ധൻകൗറിലെ ജനങ്ങളെ മുൾമുനയിൽനിർത്തിയത്. ശനിയാഴ്ചയായിരുന്നു സംഭവം.

ആകാശത്തിലൂടെ പറന്നുവന്ന 'അന്യഗ്രഹ ജീവി' കനാലിൽ നിലയുറപ്പിച്ചതോടെയാണ് ജനങ്ങൾ ശരിക്കും ഭയന്നത്. ഭീമൻ ബലൂൺ ഏതോ വലിയ അന്യഗ്രഹ ജീവിയാണെന്നായിരുന്നു നാട്ടുകാരുടെ കണ്ടെത്തൽ. വിവരമറിഞ്ഞ് നിരവധിപേർ കനാലിന് സമീപത്തേക്ക് ഓടിയെത്തി. ഒടുവിൽ പോലീസെത്തി ഇതൊരു ബലൂണാണെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് നാട്ടുകാർക്ക് ശ്വാസം നേരെ വീണത്.

അയൺമാന്റെ രൂപസാദൃശ്യമുള്ള ഭീമൻ ബലൂൺ കണ്ടാണ് നാട്ടുകാർ അന്യഗ്രഹജീവിയാണെന്ന് തെറ്റിദ്ധരിച്ചതെന്ന് പോലീസ് പറഞ്ഞു. ഏറെനേരം വായുവിൽ പറന്നുകളിച്ച ബലൂൺ കാറ്റ് പോയപ്പോൾ കനാലിലെ കുറ്റിച്ചെടികൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് കാരണം ബലൂൺ ഇളകികളിക്കുകയും ചെയ്തു. ഇത് കണ്ടാണ് ജനങ്ങൾക്ക് ആശങ്ക വർധിച്ചതെന്നും അന്യഗ്രഹ ജീവിയാണെന്ന് തെറ്റിദ്ധരിച്ചതെന്നും പോലീസ് പറഞ്ഞു.

Content Highlights:iron man shaped balloon created panic scenes in greater noida village