അഹമ്മദാബാദ്: ഐആര്‍സിടിസിയുടെ രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി സര്‍വീസ് ജനുവരി 17ന് ഫ്‌ളാഗ് ഓഫ് ചെയ്യും. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാണിയും ചേര്‍ന്നാണ് രണ്ടാം തേജസിന്റെ ഉദ്ഘാടന യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക. അഹമ്മദാബാദ്-മുംബൈ പാതയിലാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടി സര്‍വ്വീസ് നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹി-ലഖ്നൗ പാതയില്‍ സര്‍വ്വീസ് ആരംഭിച്ച ആദ്യ സ്വകാര്യ തീവണ്ടി വലിയ വിജയമായതിന് പിന്നാലെയാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടിയും ഓട്ടം തുടങ്ങുന്നത്. വെള്ളിയാഴ്ച മുതല്‍ പരീക്ഷണ ഓട്ടം തുടങ്ങുന്ന രണ്ടാം തേജസിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ജനുവരി 19 മുതലാണ് ആരംഭിക്കുക. ഓണ്‍ലൈനായും ആപ്പ് വഴിയും ടിക്കറ്റെടുക്കാം.
അഹമ്മദാബാദില്‍നിന്ന് വണ്ടി രാവിലെ 6.40-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15-ന് മുംബൈയില്‍ എത്തുന്ന രീതിയിലാണ് ഐ.ആര്‍.സി.ടി.സി. നല്‍കിയ സമയക്രമം. മുംബൈയില്‍നിന്ന് വൈകീട്ട് 3.40-ന് തിരിച്ച് രാത്രി 10.15-ന് വണ്ടി അഹമ്മദാബാദില്‍ എത്തും. നിലവില്‍ ഈ റൂട്ടില്‍ ഓടുന്ന ശതാബ്ദി എക്‌സ്പ്രസിനെക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. മറ്റുതീവണ്ടികളിലെപോലെ സൗജന്യയാത്രയോ നിരക്കിളവോ തേജസില്‍ അനുവദിക്കില്ല. വ്യാഴാഴ്ച ഒഴികെ ആറുദിവസങ്ങളിലും സര്‍വീസ് നടത്താനാണ് പരിപാടി.
മികച്ച നിലവാരത്തിലുള്ള കോച്ചുകള്‍ക്കൊപ്പം സിസി ടിവി ക്യാമറ, ബയോ ടോയ്ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുന്ന നിരവധി നൂതന സംവിധാനങ്ങള്‍ തേജസിലുണ്ട്. വൈഫൈ സംവിധാനത്തിലൂടെ സീറ്റിനുമുന്നില്‍ ഘടിപ്പിച്ച സ്‌ക്രീനില്‍ സിനിമയും മറ്റും യാത്രക്കാര്‍ക്ക് ആസ്വദിക്കാം. ചായ, കോഫി മെഷീനുകളും തീവണ്ടിക്കുള്ളിലുണ്ട്. വിമാന യാത്രയ്ക്ക് സമാനമായ രീതിയില്‍ ജോലിക്കാര്‍ യാത്രക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും.
പത്ത് ചെയര്‍കാര്‍ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് കാര്‍ കോച്ചുകളുമടങ്ങുന്നതാണ് തേജസ്. ആകെ 736 സീറ്റുകള്‍ വണ്ടിയിലുണ്ട്. യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ വരെ സൗജന്യ ഇന്‍ഷുറന്‍സും ലഭിക്കും. ആദ്യ സ്വകാര്യ തീവണ്ടിയിലുള്ളതിന് സമാനമായി ഒരു മണിക്കൂറിലേറെ തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് ഐ.ആര്‍.സി.ടി.സി 100 രൂപ നല്‍കും. രണ്ട് മണിക്കൂറിന് മുകളില്‍ വൈകിയാല്‍ 250 രൂപ വരെയും ലഭിക്കും.
ഡല്‍ഹി-ലഖ്‌നൗ, അഹമ്മദാബാദ്-മുംബൈ പാതകള്‍ക്ക് പുറമേ അധികം വൈകാതെ കേരളം ഉള്‍പ്പെടെ രാജ്യത്തെ 150-ഓളം റൂട്ടുകളില്‍ സ്വകാര്യതീവണ്ടികള്‍ ഓടിക്കാന്‍ റെയില്‍വേ കണക്കുകൂട്ടുന്നുണ്ട്.
Content Highlights; IRCTC to flag off its second Tejas train on Ahmedabad-Mumbai route on January 17