ടെഹ്റാൻ: പാകിസ്താനില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി തടവിലായ സൈനികരെ മോചിപ്പിച്ച് ഇറാന്‍. വഹാബി തീവ്രവാദികള്‍ തടവിലാക്കിയ രണ്ട് അതിര്‍ത്തി സേനാംഗങ്ങളെ രഹസ്യ നീക്കത്തിലൂടെ മോചിപ്പിച്ചതായി ഇറാന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. 

ചൊവ്വാഴ്ച രാത്രിയായിരുന്നു ഇറാന്റെ സൈനിക നടപടി. രണ്ടര വര്‍ഷമായി തീവ്രവാദികളുടെ തടവില്‍ കഴിയുന്ന സേനാംഗങ്ങളെ രക്ഷപ്പെടുത്താന്‍ ഇറാന്റെ സായുധ സേനാവിഭാഗമായ ഐ.ആര്‍.ജി.സി (ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്) സംഘമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പങ്കെടുത്തത്. രക്ഷപ്പെടുത്തിയ രണ്ട് സൈനികരേയും ഇറാനിലേക്കെത്തിച്ചു. 

പാകിസ്താനിലെ വഹാബി തീവ്രവാദ ഗ്രൂപ്പായ ജെയ്ഷ് ഉല്‍ അദില്‍ 2018 ഒക്ടോബര്‍ 16നാണ് ഇറാന്റെ 12 ഐ.ആര്‍.ജി.സി സേനാംഗങ്ങളെ തട്ടിക്കൊണ്ടുപോയത്. ഇറാനും പാകിസ്താനും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ നിന്നാണ് സൈനികരെ തടവിലാക്കിയിരുന്നത്. ഇവരെ മോചിപ്പിക്കാനായി ഇരുരാജ്യങ്ങളും തമ്മില്‍ സൈനിക തലത്തില്‍ സംയുക്ത സമിതികളും രൂപീകരിച്ചിരുന്നു. 

2018 നവംബര്‍ 15ന് അഞ്ച് സൈനികരുടെ മോചനം സാധ്യമായി. 2019 മാര്‍ച്ച് 21ന് പാകിസ്താന്റെ സൈനിക നടപടിയിലൂടെ നാല് സൈനികരെയും രക്ഷപ്പെടുത്തിയിരുന്നു.

content highlights: Iran conducts surgical strike in Pakistan, frees border guards held by Baloch terrorists