താനെ: അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കര്‍ പിടിയിലാകുമ്പോള്‍ ബിരിയാണി കഴിക്കുകയും 'കോന്‍ ബനേഗാ ക്രോര്‍പതി' കാണുകയുമായിരുന്നെന്ന് പോലീസ്. താനെ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് ആണ് ഇന്ന് മാധ്യമങ്ങളോട് അറസ്റ്റിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് ദക്ഷിണ മുംബൈയില്‍നിന്ന് ഇഖ്ബാല്‍ കസ്കര്‍ പോലീസ് പിടിയിലായത്. ഇയാളുടെ സഹോദരി ഹസീന പാര്‍ക്കറുടെ വീട്ടില്‍ വെച്ചായിരുന്നു അറസ്റ്റ്. അമിതാബ് ബച്ചന് അവതാരകനായ ചോദ്യോത്തര പരിപാടി 'കോന്‍ ബനേഗാ ക്രോര്‍പതി' കാണുന്ന തിരക്കിലായിരുന്നു പിടിയിലാവുന്ന സമയത്ത് കസ്കർ എന്ന് പോലീസ് വ്യക്തമാക്കി. ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയുടെ നേതൃത്വത്തിലുള്ള താനെ ക്രൈംബ്രാഞ്ചിന്റെ കവര്‍ച്ചാവിരുദ്ധ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
ഇഖ്ബാലിന്റെ സംഘാംഗങ്ങളില്‍നിന്ന് ഫോണ്‍സന്ദേശം കിട്ടിയെന്ന വ്യവസായിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അന്യായമായി തന്റെ പക്കല്‍നിന്ന് നാല് ഫ്ളാറ്റുകളും 30 ലക്ഷം രൂപയും തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. ഇത്തരം ആരോപണവുമായി മറ്റുചില വ്യവസായികളും രാഷ്ട്രീയക്കാരും രംഗത്തെത്തുകയുംക ചെയ്തിട്ടുണ്ടെന്നും പോലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് വ്യക്തമാക്കി. ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സാറ, സഹാറാ എന്നീ ഷോപ്പിങ് മാളുകള്‍ നിയമവിരുദ്ധമായി നിര്‍മിച്ച കേസിലും കൊലക്കേസിലും പ്രതിയാണ് ഇഖ്ബാല്‍. യു.എ.ഇ.യിലായിരുന്ന ഇയാളെ 2003-ല്‍ ഇന്ത്യക്ക് കൈമാറി. 2007-ല്‍ രണ്ടുകേസുകളിലും ഇയാളെ വെറുതെ വിട്ടു. കവര്‍ച്ചക്കേസില്‍ 2015-ല്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തില്‍ വിടുകയായിരുന്നു.